ബംഗളൂരു: കന്നട നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ധ്രുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
കേള്‍വിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും തന്റെ അഭിനയമികവിലൂടെയാണ് ധ്രുവ് ആരാധകരെ സമ്പാദിച്ചത്. സ്‌നേഹാജ്ഞലി, ബാംഗ്ലൂര്‍ 560023, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ്, നിനെന്ത്ര ഇഷ്ടകാനോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ സിസിഎല്ലില്‍ ജനശ്രദ്ധ നേടിയിരുന്നു. സംസ്‌കാരം വൈകീട്ട് നാലിന് കുബ്രഹള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.