എറണാകുളം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ ദേവന്‍. എറണാകുളം പ്രസ് ക്ലബിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് പേര്. ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി.
പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ദേവന്‍ പറഞ്ഞു. പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തു. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായി. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി. ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും- അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് ദേവന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിംഗ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.
ഒരു മുന്നണിയുടെയും സഹായം സ്വീകരിക്കാതെ സ്വന്തം നിലയിലാണ് മത്സരിക്കുക എന്നും സംസ്ഥാനത്തുടനീളം 20 സീറ്റില്‍ മത്സരിക്കാന്‍ ആലോചനയുണ്ട് എന്നും ദേവന്‍ വ്യക്തമാക്കിയിരുന്നു.
‘കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സാമൂഹ്യ രംഗത്തുണ്ട്. പണ്ടെല്ലാം ആള്‍ക്കാര്‍ പറഞ്ഞിരുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍ത്ത് നില്‍ക്കാനുളള ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഇന്ന് വിശ്വാസ യോഗ്യമായ ഒരു ബദല്‍ പാര്‍ട്ടിയുടെ ആവശ്യമുണ്ട്. പന്ത് ഇപ്പോള്‍ എന്റെ പാര്‍ട്ടിയുടെ കോര്‍ട്ടിലാണ്’ – ഒറ്റയ്ക്ക് നല്‍ക്കുമ്പോള്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് ദേവന്‍ മറുപടി നല്‍കി.