കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു.