ഹരിദ്വാര്‍: ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി നാലു മാസത്തോളമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു. ക്ലീന്‍ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതല്‍ ഉപവാസത്തിലായിരുന്ന പ്രൊഫ. ജി.ഡി അഗര്‍വാള്‍ (87) ആണ് അന്തരിച്ചത്.
ഋഷികേഷിലെ എയിംസ് ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ച്ത്. 109 ദിവസമായി തുടരുന്ന നിരാഹാര സമരത്താല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉപവാസ കാലയളവില്‍ തേന്‍ ചേര്‍ത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. രണ്ടു ദിവസം മുമ്പ് അധികൃതരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളവും അദ്ദേഹം ഉപേക്ഷിച്ചു. ഗംഗാ സംരക്ഷണത്തിനു നിയമം നിര്‍മ്മിക്കണമെന്നും ഉത്തരാഖണ്ഡിലെ ഉത്തരകാശിക്കും ഗംഗോത്രിക്കും ഇടയില്‍ നദിയുടെ തടസമില്ലാത്ത ഒഴുക്ക് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സ്വാമി ജ്ഞാന സ്വരൂപ് സാനംദ് എന്ന പേരിലും അഗര്‍വാള്‍ അറിയപ്പെടുന്നുണ്ട്.
അതേസമയം അഗര്‍വാളിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ രംഗത്തെത്തി. ഗംഗയെ രക്ഷിക്കണമെന്ന് അഗര്‍വാളിന്റെ യാചന മോദിയുടെ ബധിര കാലത്ത് മുങ്ങിപ്പോയതായി അ്‌ദ്ദേഹം കുറ്റപ്പെടുത്തി.
ഗംഗാ നദിയിലെ ഖനന – ജല വൈദ്യുത പദ്ധതികള്‍ നിരോധിക്കണമെന്നുമുള്ള അഗര്‍വാളിന്റെ ആവശ്യം അധികൃതര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. കാന്‍പുര്‍ ഐ.ഐ.ടിയിലെ പ്രൊഫസറായിരുന്ന ജി.ഡി അഗര്‍വാള്‍ കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.