X

സജീവമാകുന്ന ഫജ്ര്‍ യൂത്ത് ക്ലബ്ബുകള്‍- മിസ്ഹബ് കീഴരിയൂര്‍

മിസ്ഹബ് കീഴരിയൂര്‍

ജീവിത വിജയം നേടാന്‍ പുതു തലമുറ ചിട്ടപ്പെടുത്താനുള്ള ഏറ്റവും നല്ല ശീലമാണ് നേരത്തെയുണരുകയെന്നത്. എല്ലാ മത വിശ്വാസങ്ങളും സൂര്യോദയത്തിന് മുമ്പുള്ള സമയത്തെ വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസമാണ് നിര്‍ബന്ധ പ്രാര്‍ത്ഥനയുടെ സമയമായി പ്രഭാതങ്ങളെ സജീവമാക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കുന്നു. സൂര്യോദയത്തിന് മുമ്പ് അനിവാര്യമായും അവന്‍ ഉണരുകയും പ്രാര്‍ത്ഥന നിര്‍വഹണം നടത്തുകയും വേണം. ആത്മീയമായ ഈ നിര്‍ദേശങ്ങള്‍ ഭൗതികമായും മനുഷ്യ ജീവിതത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യം ശ്രദ്ധേയമാണ്.

പ്രത്യേകമായ കാരണങ്ങള്‍ ഒന്നുമില്ലാതെ പാതിരാവുകള്‍ വരെ ഉറക്കമൊഴിയുകയും സൂര്യോദയത്തിന്റെ കിരണങ്ങള്‍ കണ്ണില്‍ തട്ടിയിട്ടും ഉറക്കം തുടരുകയും ചെയ്യുന്നത് യൗവനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ശോഭനമല്ലാത്ത ഭാവിയായിരിക്കും. പള്ളി വരാന്തകളില്‍ ചാരിവെച്ച ഊന്നുവടികള്‍ പ്രഭാത പ്രാര്‍ത്ഥനകളില്‍ വയോജക സാന്നിധ്യം മാത്രമാണെന്ന തിരിച്ചറിവാണ് സമ്മാനിക്കുന്നത്. കര്‍മ കുശലതയും വിശ്വാസബോധവും സാമൂഹിക ചിന്തയുമൊക്കെയുള്ള ചടുല യൗവനങ്ങള്‍ ഉയര്‍ന്നുവരണമെന്ന തിരിച്ചറിവാണ് ഫജ്ര്‍ യൂത്ത് ക്ലബ്ബുകള്‍ എന്ന പേരില്‍ സജീവമായി കൊണ്ടിരിക്കുന്നത്. ലഹരി നുരയുന്ന പാതിരാ ക്ലബ്ബുകള്‍ യുവാക്കളുടെയും സാമൂഹിക ജീവിതങ്ങളെയും ബാധിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം പ്രഭാത ക്ലബ്ബുകള്‍ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആയിര കണക്കിന് യുവാക്കളും കുട്ടികളും കോഴിക്കോട് ജില്ലയിലുടനീളം ഫജ്ര്‍ ക്ലബ്ബിന്റെ ഭാഗമായി കഴിഞ്ഞു. പള്ളികളില്‍ സംഗമിക്കുകയും ശുഭചിന്തകള്‍ പങ്ക്‌വെക്കുകയും ആരോഗ്യശീലങ്ങള്‍ക്ക് ഗുണമാവുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ടും മാതൃകാ യൗവനങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുകയാണ്.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനുസ്മരണ ദിനത്തിലാണ് മുസ്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ക്ലബ്ബുകള്‍ തുടക്കം കുറിച്ചത്. പ്രഭാത പ്രാര്‍ത്ഥന സാമൂഹികമായി നിര്‍വഹിച്ച തങ്ങളുടെ ജീവ ചരിത്രമാണ് പുതിയ തലമുറയും അനുകരിക്കാന്‍ ശ്രമിക്കുന്നത്. വിശ്വാസങ്ങള്‍ ജീവിതത്തില്‍ ചേര്‍ത്ത് പിടിച്ചാല്‍ ബഹുസ്വരതയില്‍ അയാള്‍ സ്വീകാര്യനാവില്ലെന്നും അല്ലെങ്കില്‍ ബഹുസ്വരതയില്‍ നിന്നുമകന്ന് ഒറ്റപ്പെട്ട ജീവിതമാണ് വിശ്വാസികള്‍ നയിക്കേണ്ടതുമെന്ന ഒറ്റപ്പെട്ട അല്‍പധാരണകള്‍ തിരുത്തുക കൂടിയാണ് ഫജ്ര്‍ ക്ലബ്ബുകള്‍ യുവാക്കള്‍ക്ക് നല്‍കുന്ന സന്ദേശം.

ആത്മീയ ആരോഗ്യം, വ്യക്തിപരമായ ആരോഗ്യം എന്നതിനോടൊപ്പം പ്രധാനമാണ് സാമൂഹിക ആരോഗ്യമെന്ന് ക്ലബ്ബ് പ്രവര്‍ത്തങ്ങളിലൂടെ തെളിയിക്കുന്നു പരിസ്ഥിതി പദ്ധതികള്‍, മോര്‍ണിങ് ഫാര്‍മുകള്‍, കള്‍ച്ചറല്‍ മോര്‍ണിങ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, മാനവിക സൗഹൃദ സംഗമങ്ങളൊക്കെ സമൂഹത്തിന്റെ ആരോഗ്യം ലക്ഷ്യം വെച്ച് ക്ലബ്ബ് നടപ്പില്‍ വരുത്തിയ പദ്ധതികളാണ്.

ന്യൂനപക്ഷങ്ങളുടെ അടയാളങ്ങള്‍ അപരവല്‍കരിക്കാന്‍ ഫാസിസം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അടയാളങ്ങളുടെ തനിമ ചോര്‍ന്നു പോകാതെ തന്നെ അതിന്റെ സാമൂഹിക സന്ദേശങ്ങള്‍ എല്ലാവര്‍ക്കും പകര്‍ന്നുകൊടുത്തുകൊണ്ട് ക്രിയേറ്റീവ് മൈനോറിറ്റിയുടെ ഉത്തരവാദിത്വമാണ് ഫജ്ര്‍ യൂത്ത് ക്ലബ്ബുകള്‍ സാധ്യമാക്കുന്നത്.

600 ക്ലബ്ബുകളിലായി 27000 ത്തോളം അംഗങ്ങള്‍ ഫോര്‍ട്ടി ഡേ ചലഞ്ചിന്റെ ഭാഗമായി പങ്കെടുത്തതായാണ് ഫജ്ര്‍ ക്ലബ്ബിലെ ഏകദേശ കണക്ക്. കുട്ടികള്‍ക്ക് പഠിക്കാനും വായിക്കാനുമൊക്കെയുള്ള പദ്ധതികള്‍ പല ക്ലബ്ബുകളും നടത്തി വരുന്നതും ശ്രദ്ധേയമാണ്. വിവിധ ജില്ലകളിലും ഗള്‍ഫ് നാടുകളിലും ഉള്‍പ്പെടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് തുടക്കം കുറിച്ചത് ഏറെ പ്രത്യാശ പകരുന്നതാണ്. പ്രഭാതങ്ങള്‍ കൂടുതല്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്ന സ്വത്വം ഉയര്‍ത്തി പിടിച്ചുകൊണ്ട് തന്നെ സമൂഹത്തിലെ മുഴുവന്‍ മനുഷ്യരെയും മനസ്സിലാക്കാനും മാനുഷിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ആരോഗ്യമുള്ള യുവത്വങ്ങള്‍ അനിവാര്യമാണ്. അതിന് ഫജ്ര്‍ ക്ലബ്ബുകള്‍ നിമിത്തമാകുമെന്നാണ് പ്രതീക്ഷ.

Test User: