X

സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍: ആഭ്യന്തര വകുപ്പിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഎം സംസ്ഥാന സമിതിയില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ പൊലീസില്‍ നിന്നുണ്ടായി. ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് എതിരായ പൊലീസ് നടപടിയും തിരിച്ചടിയായി. മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ഇതുലച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിക്ക് വേണ്ടിയെന്നും പൊലീസിന് ഗുണ്ടാ ബന്ധവും പലിശ, പണമിടപാടുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ഇടുക്കി, എറണകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ജില്ലാ കമ്മിറ്റികളില്‍ അടക്കം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അവഗണിക്കരുതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

webdesk13: