പോക്സോ കേസുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാന്‍ പാടില്ല. ഉത്തരവിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അംഗങ്ങളായ റെനി ആന്റണി, ബബിത ബി. എന്നിവരുടെ ഫുള്‍ബഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിത്. കൊല്ലം, കാസര്‍ഗോഡ്, കോട്ടയം ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വന്നിട്ടുള്ളതായി കമ്മീഷന്‍ കണ്ടത്തി.
കാഞ്ഞിരപ്പളളി, പൊന്‍കുന്നം, കറുകച്ചാല്‍, പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വരുത്തി എന്നാണ് കമ്മീഷന്‍ മനസിലാക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ഗൗരവമേറിയ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. പോക്സോ കേസുകളിലെ നിലവിലെ സ്ഥിതി വിലയിരുത്താനും കേസന്വേഷണം കാലതാമസം കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാന പൊലീസ് നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.