തിരുവനന്തപുരം : വ്യാജ ഡോക്ടര്‍മാരെയും വ്യാജ ചികിത്സകളും കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം യഥാവിധി ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സമീപനം രോഗികളുടെ ജീവന് ആപത്തുണ്ടാക്കാന്‍ ഇടയാക്കുമെന്ന വസ്തുത ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിവിധതരം രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന് പരസ്യം നല്‍കുന്ന ഡോക്ടര്‍മാരുടെ യോഗ്യത, രജിസ്‌ട്രേഷന്‍, ആസ്പത്രി തുടങ്ങിയ വസ്തുതകള്‍ യഥാസമയം പരിശോധിച്ച് അവയുടെ കൃത്യത അധികാരികള്‍ ഉറപ്പാക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വ്യാജ ഡോക്ടര്‍മാരെയും വ്യാജ ചികിത്സകളെയും കുറിച്ച് പരാതി ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വ്യാജ ഡോക്ടര്‍മാരോ വ്യാജ ചികിത്സകളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത മെഡിക്കല്‍ കൗണ്‍സിലിനുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതി കിട്ടുമ്പോള്‍ മാത്രം അന്വേഷണം നടത്തി തൃപ്തിയടയാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ശ്രമിക്കരുത്. വ്യാജ ചികിത്സക്കെതിരെ മാതൃകാപരവും കര്‍ശനവുമായ നിയമനടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പരസ്യം നല്‍കി നിയമ വിരുദ്ധ ചികിത്സ നടത്തുന്നവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ക്യാപ്‌സ്യൂള്‍ കേരള കണ്‍വീനര്‍ എം.പി അനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.