X

‘സംഘപരിവാറിന്റെ കൗശലം മനസ്സിലാക്കാന്‍ മേയര്‍ക്ക് സാധിച്ചില്ല’; ബീന ഫിലിപ്പിനെതിരെ നടപടിക്ക് സമ്മര്‍ദ്ദം ശക്തമാകുന്നു

കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പരിപാടിയായ മാതൃവന്ദനം ഉദ്ഘാടനം ചെയ്യാനെത്തിയ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു.

സംഘപരിവാറിന്റെ കൗശലം മനസ്സിലാക്കാന്‍ മേയര്‍ക്ക് സാധിച്ചില്ലെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം, മേയര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായതിനാല്‍ തിടുക്കത്തില്‍ നടപടി വേണ്ടന്ന നിലപാടിയിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ പാര്‍ട്ടി അച്ചടക്കം മേയര്‍ ലംഘിച്ചുവെന്നും നടപടി വേണമെന്നും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പ്രതിഷേധം ശക്തമായപ്പോള്‍ മേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നടപടി എന്താകണമെന്ന് കോഴിക്കോട് ജില്ലാ നേതൃത്വത്തിന് വിട്ട് നല്‍കിയിരിക്കുകയാണ് സെക്രട്ടറിയേറ്റ്. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനു പുറമെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശം നടത്തിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നുമുള്ള മേയറുടെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണെന്ന് കരുതിയല്ല പോയതെന്നും കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നുമാണ് പറഞ്ഞതെന്നും മേയര്‍ വിശദീകരിച്ചു. സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോഴാണ് പരിപാടിക്കു പോയതെന്നായിരുന്നു മേയറുടെ വിശദീകരണം.

Chandrika Web: