ഇടുക്കി: സി.പി.ഐയില്‍ പുരുഷാധിപത്യമെന്ന് തുറന്ന വിമര്‍ശനമുയര്‍ത്തിയ മുന്‍ പീരുമേട് എം.എല്‍.എ ഇ എസ് ബിജിമോള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാട് കടുപ്പിച്ച് സി.പി.ഐ ഇടുക്കി ജില്ലാ ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ബിജിമോളോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിരുന്നു. അതേ സമയം വനിതാ പ്രാതിനിധ്യമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ചതെന്നാണ് ബിജിമോള്‍ പറയുന്നത്.
ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. തന്റെ വിമര്‍ശനം ജില്ലാ നേതൃത്വത്തിനെതിരെയായിരുന്നുവെന്ന് ബിജിമോള്‍ പിന്നീട് വിശദീകരിച്ചിരുന്നു. അച്ചടക്ക നടപടി ഉള്‍പ്പടെ സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് ഇതുവരെയും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിജിമോള്‍ക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കുമെന്ന അഭിപ്രായവും ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.
അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ബിജിമോളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ബിജിമോള്‍ പങ്കെടുത്തിരുന്നില്ല. സി. പി. ഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച ബിജിമോള്‍ പരാജയപ്പെട്ടിരുന്നു. ഇസ്മായില്‍ പക്ഷക്കാരനായ കെ സലിംകുമാറാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടതോടെയാണ് ശക്തമായ ഭാഷയില്‍ ബിജിമോള്‍ ഫെയ്‌സ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചത്. സി. പി.ഐ നേതൃത്വത്തിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് പാര്‍ട്ടികത്ത് പുതിയ ചര്‍ച്ചകള്‍ക്കും ബിജിമോളുടെ വിമര്‍ശനം വഴിതുറന്നു.