X

അജിത് കുമാറിനെതിരായ നടപടി; തൃപ്തിയില്ലാതെ എൽ‍ഡിഎഫ് ഘടകകക്ഷികൾ

ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയെങ്കിലും പൂർണ തൃപ്തിയില്ലാതെ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ ഡിജിപി നടത്തിയിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രം മാറ്റിയതിലാണ് ഘടകകക്ഷികൾക്ക് അതൃപ്തിയുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നായിരുന്നു എൽഡിഎഫിലെ ഘടകകക്ഷികളുടെ ആവശ്യം. എന്നാൽ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടർച്ചയായ പ്രതികരണം.

എന്നാൽ അജിത്തിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്ന വിലയിരുത്തലാണ് ഘടക കക്ഷികൾക്കുള്ളത്. സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സംശയങ്ങൾ പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിരുന്നു.

അതിൻറെ അടിസ്ഥാനത്തിലാണെങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് മുഖ്യമന്ത്രി നീങ്ങേണ്ടതായിരുന്നു എന്ന വിലയിരുത്തൽ ഘടകകക്ഷികൾക്ക് ഉണ്ട്. നിയമസഭാ സമ്മേളനത്തിൽ അജിത് കുമാറിനെ മാറ്റിയ വിഷയം ഉയർത്തി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ആയിരിക്കും സിപിഎം എംഎൽഎമാരുടെ ശ്രമം.

മറ്റ് ഘടകകക്ഷി എംഎൽഎമാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. അജിത്കുമാറിനെ മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

webdesk13: