താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബോട്ടുകളില്‍ മിന്നല്‍ പരിശോധന. ആലപ്പുഴയിലും എറണാകുളം മരട് നഗരസഭാ പരിധിയിലും വിനോദസഞ്ചാര ബോട്ടുകളില്‍ തുറമുഖവകുപ്പ് പരിശോധന നടത്തി. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു.
പഴകി ദ്രവിച്ച ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ആലപ്പുഴയിലെ യാത്രക്കാര്‍ ആരോപിച്ചു. പഴകിയ ബോട്ടുകളില്‍ കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തിലാണ് തുറമുഖവകുപ്പ് പരിശോധന നടത്തിയത്. ആലപ്പുഴയില്‍ പരിശോധിച്ച 12 ബോട്ടുകളില്‍ രേഖകളുള്ളത് മൂന്നെണ്ണത്തിന് മാത്രമാണെന്നാണ് കണ്ടെത്തല്‍.