X

അഭിനയജീവിതം അവസാനിപ്പിച്ചിട്ടില്ല; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു: വിശദീകരണവുമായി വിക്രാന്ത് മാസി

സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്നല്ല താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ട്വൽത് ഫെയിൽ നായകൻ വിക്രാന്ത് മാസി. തന്‍റെ പോസ്റ്റ് ജനങ്ങൾ തെറ്റായി വായിക്കുകയായിരുന്നുവെന്നാണ് താരത്തിന്‍റെ അവകാശവാദം. ഒരു ഇടവേള ആവശ്യമാണെന്നും കുടുംബത്തിനൊപ്പം ആരോഗ്യാകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നുമാണ് താൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് വിക്രാന്ത് മാസി പറഞ്ഞു. ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി.

വീട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി എന്ന പരാമർശത്തോടെ വിക്രാന്ത് പങ്കുവച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു പുറകേയാണ് താരം വിശദീകരണം നൽകിയിരിക്കുന്നത്. ട്വൽത് ഫെയിൽ, സെക്റ്റർ 36 എന്നീ ചിത്രങ്ങളിലെ പ്രകടനം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദി സബർമതി റിപ്പോർട്ട് എന്ന പുതിയ ചിത്രവും സമാനമായി മുന്നേറുന്നതിനിടെയാണ് വിക്രാന്ത് പോസ്റ്റിട്ടത്.

”കഴിഞ്ഞ കുറച്ചു വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. മുന്നോട്ട് നോക്കുമ്പോൾ ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് തിരിച്ചറിയുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. ഒടുവിലത്തെ രണ്ടു ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. നന്ദി”, എന്നായിരുന്നു വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2007ൽ ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെ കരിയർ ആരംഭിച്ച വിക്രാന്ത്, ബാലികാവധു, ബാബ ഐസോ വർ ഢൂണ്ടോ, ഖുബൂൽ ഹേ തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. ലൂട്ടേര എന്ന സിനിമയിലൂടെ 2013ലാണ് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നത്. ഫോറൻസിക് എന്ന മലയാളം സിനിമയുടെ റീമേക്കിലും മിർസാപുർ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചു.

webdesk14: