X

എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്‍: വി.ഡി സതീശന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: