കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള റെസ വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. ഒന്നിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കാപറമ്പില്‍ യോഗം ചേര്‍ന്ന് പ്രദേശവാസികള്‍ തീരുമാനിച്ച പ്രകാരമാണിത്.നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍ നിന്നായി 80 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് റെസക്ക് വേണ്ടി ഏറ്റെടുക്കുന്നത്.
ഇതില്‍ പള്ളിക്കല്‍ വില്ലേജിലെ എട്ട് ഭൂ ഉടമകളുടെ 1.25 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ മാത്രമാണ് കൈമാറിയത്. ഇവരുടെ ഭൂമിയുടെ തുകയും മറ്റുമുള്ള തുക ഇനത്തില്‍ 4.29 കോടി രൂപ കൈമാറി കഴിഞ്ഞു. ശേഷിക്കുന്ന ഭൂമിയുടെ രേഖകളാണ് ഇന്ന് ഏറ്റുവാങ്ങുക. 14.5 ഏക്കര്‍ ഭൂമിയാണ് പറയുന്നതെങ്കിലും അതോറിറ്റി നല്‍കിയ സ്‌കെച്ച് പ്രകാരം 13 ഏക്കറില്‍ കുറഞ്ഞ ഭൂമിയാണ് ഏറ്റെടുത്തത്. നെടിയിരുപ്പ് വില്ലേജിലെ പാലക്കാപറമ്പ് പ്രദേശ ത്താണ് 7 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഇവിടെ ഭൂമി ഏറ്റെടുക്കുക വഴി ക്രോസ് റോഡ് നഷ്ടപ്പെടുന്നതും ഒട്ടേറെ വീട്ടുകാര്‍ക്ക് വഴി തടസമാവുന്നതും പ്രതിഷേധമായതാണ് രേഖ കൈമാറല്‍ ഇഴഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ ഉന്നയിച്ച പല കാര്യങ്ങളിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടമ കള്‍ രേഖകള്‍ കൈമാറാന്‍ തീരുമാനിച്ചത്.ഭൂവുടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വിഭാഗം ഔദ്യോഗി കമായി അറിയിച്ചിട്ടില്ല.
ഭൂമിക്ക് നല്‍കുന്ന തുകക്ക് പുറമെ കെട്ടിടങ്ങള്‍ക്ക് കാലപഴക്കം നോക്കാതെ നിര്‍മാണ ചിലവിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായി നഷ്ടപരിഹാരം ഇന്ന് അറിയിക്കുന്ന മുറക്ക് രേഖകള്‍ കൈമാറാനാണ് യോഗം നാട്ടുകാര്‍ യോഗത്തില്‍ തീരുമാനിച്ചത്. രേഖകള്‍ കൈമാറുന്നതോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വീട് നഷ്ടപ്പെടുന്നവര്‍ക്ക് കുടി യൊഴിയാനായി രണ്ടാഴ്ച വരെ സമയം നല്‍കും. വീടൊഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇവര്‍ക്കുള്ള പ്രത്യേക പുനഃരധിവാസ പാക്കേജ് പ്രകാരമുള്ള 10 ലക്ഷം രൂപയും ഭൂമിയുടെയും മറ്റു ആസ്തികളുടെയും നഷ്ടപരിഹാരത്തുക കൈമാറുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.