തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് നാക്കുപിഴച്ചതില്‍ അനിഷ്ടവുമായി ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. സഭാ സമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാക്കുപിഴകള്‍ക്കും അന്തസ്സാരശൂന്യമായ തമാശകള്‍ക്കുമാണെന്ന് വി.എസ് പറഞ്ഞു. ഐക്യകേരള നിയമസഭാ സമ്മേളന വാര്‍ഷികവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ സാമാജികരുടെ സരസമായ നേരമ്പോക്കുകളില്‍പ്പോലും രാഷ്ട്രിയത്തിന്റെയും, ജീവികാമനയുടെയും സത്ത ചാലിച്ചുചേര്‍ത്തിരുന്നു എന്നതാണ് ശ്രദ്ധേയമെന്നും നിയമസഭയിലെ നാക്കുപിഴ സംഭവങ്ങളില്‍ വി.എസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ കൂട്ടച്ചിരി പടര്‍ത്തിയ നാക്കുപിഴ ഉണ്ടായത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിക്ക് നാക്കുപിഴച്ചത്.
പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയെന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെമ്പിളൈ ഒരുമൈയെ പെണ്‍മെ എരുമയെന്ന് പറഞ്ഞ തിരൂവഞ്ചൂര്‍ രാധാകൃഷ്ണനും സഭയില്‍ ചിരി പടര്‍ത്തി. തുടര്‍ന്ന് മന്ത്രി മണി രാജിവെക്കാത്തതില്‍ താനും എം.എല്‍.എമാരും രാജിവെച്ചൊഴിയുകയാണെന്ന് കെ.എം മാണിയും പരാമര്‍ശം നടത്തി. ബഹിഷ്‌ക്കരിക്കുകയാണെന്നതിന് പകരം രാജിവെക്കുകയാണെന്നുള്ള പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കാണ് വഴിവെച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കൂടാതെ സോഷ്യല്‍മീഡിയയിലും ട്രോളര്‍മാര്‍ ആഘോഷിച്ച് തിമിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാക്കുപിഴകളില്‍ അനിഷ്ടം പ്രകടിപ്പിച്ചുള്ള വി.എസിന്റെ രംഗപ്രവേശനം.