X

അച്യുതമേനോന്റെ പേപ്പാറ ഡാമും പിണറായിയുടെ സില്‍വര്‍ലൈനും

ടി.എ അബ്ദുല്‍ വഹാബ്
തിരുവനന്തപുരം

1975-80 കാലഘട്ടത്തില്‍ ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം മുഖ്യലേഖകനായിരുന്ന എനിക്ക് അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ്‌കോയ എന്നിവരുടെ കാബിനറ്റ് ബ്രീഫിങ്ങുകളിലും അവരുടെ പൊതുപരുപാടികളിലുമെല്ലാം പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗഭാഗ്യം കിട്ടിയിട്ടുണ്ട്. 1970 മുതല്‍ 1977 വരെ അടിയന്തരാവസ്ഥ കാരണം ഏഴു വര്‍ഷത്തോളം കേരളം ഭരിക്കാന്‍ അവസരം കിട്ടിയ മുഖ്യമന്ത്രിയാണ് സി അച്യുതമേനോന്‍. 1976 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തലസ്ഥാന നഗരിയില്‍ ഉണ്ടായിരുന്ന അതിരൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം ഒരു പാടുപേര്‍ ബന്ധു വീടുകളിലേക്കും മാറിതാമസിക്കാനും മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങാനും ഇടവന്നു.

അന്നു കാലത്ത് തിരുവനന്തപുരം നഗരത്തിനു മുഴുവനും ശുദ്ധജലം കിട്ടിക്കൊണ്ടിരുന്നത് അരുവിക്കര ഡാമില്‍ നിന്നാണ്. കുടിവെള്ളത്തിന്റെ ഉപഭോഗം വര്‍ധിച്ചതു കാരണം നഗരത്തിലെ കുടിവെള്ളത്തിന്റെ തോത് കൂട്ടാന്‍ നിലവിലെ പ്ലാന്റ് പേപ്പാറ ഡാമിലേക്ക് മാറ്റി സ്ഥാപിക്കുന്ന പണി ധൃതഗതിയില്‍ നടന്നുവരുകയായിരുന്നു. എന്നാല്‍ കടുത്ത വേനലായിട്ടും പണി പൂര്‍ത്തിയാകാത്തതിനാല്‍ നഗരം ആവശ്യത്തിനു കുടിവെള്ളമില്ലാതെ വലഞ്ഞു. അന്നു മുഖ്യമന്ത്രി അച്യുതമേനോന്‍ പേപ്പാറാഡാമിന്റെ പണി പൂര്‍ത്തീകരിച്ച് നഗരത്തിലെ ജനങ്ങള്‍ക്ക് വെള്ളമെത്തിച്ചു നല്‍കാനുള്ള തന്റെ ഇതംപര്യന്തമായ കര്‍ത്തവ്യം മുന്നില്‍ കണ്ട്‌കൊണ്ട് ഒരു മാസത്തിലധികം വരുന്ന കാലയളവില്‍ ഔേദ്യാഗിക യാത്രാ പരിപാടികള്‍ മാറ്റിവെച്ചുകൊണ്ട് കണ്‍ടോണ്‍മെന്റ് ഹൗസില്‍ തന്നെ തമ്പടിച്ചിരുന്ന് ശുദ്ധജല വിതരണം സുഗമമാക്കി നഗരവാസികളുടെ മനസ്സുകള്‍ കുളിര്‍പ്പിച്ചു നല്‍കിയ ഒരു ഭരണാധിപന്റെ ഓര്‍മ്മ.

നാലരപതിറ്റാണ്ടിനിപ്പുറവും എന്നെപ്പോലെ മറ്റനേകം പേരും ഈ നന്‍മയെ ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍ ഇന്ന് സില്‍വല്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കല്ലിടാന്‍ വന്ന അധികാരികളെ തടഞ്ഞ വീട്ടമ്മമാരെ നിഷ്‌കരുണം യൂണിഫോം ധാരികളായ പൊലീസുകാര്‍ റോഡിലൂടെ സ്വന്തം മക്കള്‍ വാവിട്ടുകരയുന്നതു പോലും കണ്ടില്ലെന്ന ഭാവത്തില്‍ വികസനത്തിന്റെ പേരില്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നതാണോ തുടര്‍ഭരണം കൊടുത്ത കേരളത്തിലെ ജനങ്ങളോട് പിണറായി സര്‍ക്കാരിന് തിരിച്ചു ചെയ്യാനുള്ള പ്രത്യുപകാരം. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആര്‍ക്കോ വേണ്ടി കെട്ടിയിരക്കുന്ന പദ്ധതിയെ വരും തലമുറയ്ക്കുവേണ്ടിയാണെന്ന് വീരസ്യം പറയുന്നത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബാധ്യതയാവരുത് ഈ വികസന ഭാരം. ശ്രീലങ്കന്‍ ജനത നാടുവിടുന്ന ദുരവസ്ഥ കൊച്ചുകേരളത്തിലെ ഭാവിസന്തതികള്‍ക്കും ഉണ്ടാക്കിവെക്കരുത്.

Test User: