X

കരുണയുടെ പൊരുള്‍ നേടിയവര്‍- റാശിദ് ഗസ്സാലി

റാശിദ് ഗസ്സാലി

കാരുണ്യത്തിന്റെ പത്ത് ദിനങ്ങള്‍ വിടപറയുന്നു. വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ മാറ്റത്തിന്റെ അലയൊലികള്‍ തീര്‍ത്ത് വ്രതനാളുകള്‍ കൂടുതല്‍ പ്രശോഭയോടെ മുന്നോട്ട് നീങ്ങുന്നു.

കരുണയുടെ കടാക്ഷം കൊതിക്കാത്തവരായി ആരുണ്ട്. ഏത് പ്രതിസന്ധികളിലും തനിക്ക് തണലായി മുകളിലൊരാളുണ്ട് എന്ന പ്രതീക്ഷയാണ് കരുത്തോടെ മുന്നോട്ട് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

സര്‍വശക്തനും അണ്ഡകടാഹങ്ങളുടെ അധിപനും ലോക രക്ഷിതാവുമായ നാഥന്‍ അവനെ പരിചയപ്പെടുത്തുന്നത് തന്നെ സര്‍വര്‍ക്കും കാരുണ്യവും കനിവും ചൊരിയുന്ന കരുണാനിധി എന്ന രീതിയിലാണ്. കുന്നോളം കുറ്റങ്ങളും പേറി അവന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോഴും നാഥന്റെ കാരുണ്യത്താല്‍ മോക്ഷം നല്‍കി സന്തോഷവാനാക്കുന്ന നീതിയുടെ നാമമാണ് അള്ളാഹു.

റമസാനിലെ ആദ്യ പത്തു ദിനങ്ങളില്‍ അടിമയെ പുല്‍കുന്ന വസന്തം ദൈവിക കാരുണ്യത്തിന്റെ അപാരമായ അനുഗ്രഹങ്ങളാണ്. രണ്ട് കാര്യങ്ങളാണ് ഇവിടെ സുചിന്തിതമായത്. ഒന്ന് നമുക്ക് സര്‍വ ശക്തന്റെ കാരുണ്യം നേടാനും അവന്റെ ഇഷ്ടക്കാരില്‍ ചേരാനും ഈ ദിനങ്ങള്‍ കൊണ്ട് സാധ്യമായോ? രണ്ട് നമ്മുടെ കരുണ കൊതിക്കുന്ന ചുറ്റുമുള്ളവര്‍ക്ക് ഹൃദയം തൊട്ട് അത് പകര്‍ന്നു നല്‍കുന്നതില്‍ വിജയിച്ചോ? മനസ്സംതൃപ്തിയോടെ ഇവ രണ്ടിനും ഉത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കാണ് അടുത്ത ഘട്ടത്തിലേക്ക് ആവേശപൂര്‍വം പ്രവേശിക്കാനാവുക.

കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളോട് പരുക്കന്‍ സംസ്‌കാരത്തില്‍ ഇടപഴകുന്നവര്‍, അധ്വാനിക്കുന്നവന്റെ നോവും നൊമ്പരവും അറിയാതെ പെരുമാറുന്നവര്‍, വാര്‍ധക്യത്തിന്റെ വിവശതയില്‍ വയറിനേക്കാള്‍ മനസ്സ് നിറയണമെന്ന് ആഗ്രഹിച്ച് കണ്ണും നട്ടിരിക്കുന്ന മാതാപിതാക്കളോട് കുരച്ചു ചാടുന്നവര്‍, മക്കളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി ഒരു ഉമ്മ കൊടുക്കാന്‍ പോലുമാകാതെ പട്ടാള ചിട്ടയില്‍ രക്ഷാകര്‍തൃ പണിയെടുക്കുന്നവര്‍, സ്‌നേഹത്തോടെ ഭാര്യ ഭര്‍ത്താക്കന്മാരുടെ മുഖത്തു നോക്കി സൗമ്യതയോടെ പുഞ്ചിരിക്കാന്‍ ആവാത്തവര്‍ തുടങ്ങിയ ദുഷിച്ച അടയാളങ്ങളും പേറി ജീവിക്കുന്ന എത്ര പേര്‍ ഈ കരുണയുടെ അസുലഭ നാളുകള്‍ പോലും പാഴാക്കിയിട്ടുണ്ടാകും.

ഇനി എപ്പോഴാണ് നാം മാറുക. ദാഹിച്ചവശനായി പൊട്ടകിണറ്റില്‍ വീണ് കിടക്കുന്ന നായക്ക് ഷൂവില്‍ വെള്ളം നിറച്ചു തൂക്കി ഇറക്കി ദാഹമകറ്റിയതിന്റെ പേരില്‍ സ്വര്‍ഗവും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട് കൊന്നതിന്റെ പേരില്‍ നരകവും ഉറപ്പാണ് എന്ന് പഠിപ്പിച്ച പ്രവാചകന്റെ സ്‌നേഹ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ. കാരുണ്യത്തിന്റെ കണക്ക് പുസ്തകത്തില്‍ ജാതിയോ മതമോ മനുഷ്യനോ മൃഗമോ ഭൂമിയോ ആകാശമോ എന്ന വ്യത്യാസമില്ല സര്‍വതലങ്ങളിലും കാരുണ്യത്തിന്റെ അളവുകോല്‍ കൊണ്ട് നൈര്‍മല്യത്തോടെ ജീവിക്കാനാവുക എന്നതാണ് ഏറ്റവും വലിയ പുണ്യം. അവര്‍ക്കാണ് ദൈവിക കാരുണ്യത്തിന്റെ അപരിമേയ വര്‍ഷം ഉണ്ടാകുക. ജിബ്രാന്‍ സൂചിപ്പിച്ചത് പോലെ ‘അത്തരക്കാരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുക അവരുടെ കണ്ണുകളിലൂടെയാണ് ദൈവം ഭൂമിലോകത്തെ നോക്കി പുഞ്ചിരിക്കുക’

Test User: