X
    Categories: Culture

മന്ത്രി ജലീലിനെതിരെ ആരോപണപ്പെരുമഴ

 

ബന്ധു നിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍
മറ്റു അപേക്ഷകര്‍ക്കും ജോലി നല്‍കി

മന്ത്രി കെ.ടി ജലീല്‍ കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭ്യമായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂവില്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രി ഓഫീസ് അവകാശപ്പെട്ട ആറു പേരില്‍ രണ്ട് പേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നല്‍കിയതായി കണ്ടെത്തി. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് മന്ത്രിക്കനുകൂലമായി സംസാരിച്ച വ്യക്തിയാണ്. ബാക്കിയുള്ള നാല് പേരില്‍ മൂന്ന് പേരും നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് മറ്റ് തസ്തികകള്‍ നല്‍കി വഴിയൊരുക്കുകയാണ് ചെയ്തത്.
പൊതുമേഖല സ്ഥാപനത്തില്‍ പതിനൊന്ന് വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ള അപേക്ഷകന് എം.ബി.എ യോഗ്യതക്കുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ബന്ധുവും അപേക്ഷയോടൊപ്പം ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
ഇക്വലന്‍സി സമര്‍പ്പിക്കാത്തതിന് മറ്റൊരാള്‍ക്ക് അവസരം നിഷേധിക്കുകയും മന്ത്രി ബന്ധുവിന് അത് ബാധകമാക്കാതിരിക്കുകയും ചെയ്തതോട് കൂടി അനധികൃത നിയമനം കൂടുതല്‍ വ്യക്തമായി. സ്വകാര്യ സ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിന് നിയമ തടസ്സം ഇല്ലെന്ന നിയമോപദേശം ലഭിച്ചതായി കഴിഞ്ഞ ദിവസം ചെയര്‍മാന്‍ നടത്തിയ പ്രസ്താവനയും തെറ്റാണെന്ന് ബോധ്യപ്പെട്ടു. അത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ല.
ലോണ്‍ തിരിച്ചടക്കാനുള്ള വ്യക്തികളുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് കയ്യിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ലോണ്‍ തിരിച്ചടക്കാത്ത ലീഗ് പ്രവര്‍ത്തകരുടെ ലോണുകള്‍ തിരിച്ചു പിടിക്കുന്നതിന്റെ പ്രതികാരമാണ് ആരോപണം ഉന്നയിക്കുന്നവര്‍ നടത്തുന്നതെന്ന മന്ത്രിയുടെ വാദത്തിനും ഇതോടെ അടിസ്ഥാനമില്ലാതായി.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ ചാനല്‍ അവതാരകന്റെ വെല്ലുവിളി ഏറ്റെടുത്ത് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ് ക്ഷണിച്ചതനുസരിച്ചാണ് ഫിറോസ് രേഖകള്‍ പരിശോധിക്കാന്‍ എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു.

കിലയിലും അനധികൃത നിയമനമെന്ന് അനില്‍ അക്കര

തൃശൂര്‍: എസ്.ഡി.പി.ഐ അനുഭാവി ഉള്‍പ്പെടെ നിരവധി പേരെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കിലയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനാണ് അനില്‍ അക്കര എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് 19.06.2018 ന് നിയമസഭയില്‍ നല്‍കിയ ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി സഭക്ക് നല്‍കിയത്. നിയസഭയെ തെറ്റിദ്ധരിച്ചതുമായി ബന്ധപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അവകാശലംഘനത്തിന് പരാതി നല്‍കിയിട്ടുണ്ട്.
കിലയിലെ നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ കില നിര്‍വ്വാഹകസമിതി തീരുമാനമെടുത്തിട്ടുള്ളതാണ്. മാത്രമല്ല 90 ദിവസത്തില്‍ കൂടുതല്‍ വരുന്ന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നും, സര്‍ക്കാര്‍ ഉത്തരവുള്ളതാണ്. ഈ സര്‍ക്കാര്‍ ഉത്തരവുകള്‍ പൂര്‍ണ്ണമായി ലംഘിച്ചാണ് കിലയില്‍ മന്ത്രിയും കില ഡയറക്ടറും നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. മാത്രമല്ല നിയമസഭയില്‍ നടത്തിയ മറുപടി അനുസരിച്ച് പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷ പോലും വാങ്ങാതെയാണ് പത്തോളം ആളുകളെ മന്ത്രി നേരിട്ട് നിയമിച്ചിട്ടുള്ളത്. ഈ ആളുകളെ നിയമിച്ചതില്‍ കില നല്‍കുന്ന വിശദീകരണം ഈ ആളുകള്‍ ലോക്കല്‍ ആയിട്ടുള്ളവരെന്നാണ്.
എന്നാല്‍ കില നില്‍ക്കുന്ന മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിധിയില്‍ വരാത്ത നിരവധി ആളുകളെ ഇതിനകത്ത് നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ക്കും പരാതി അയച്ചിട്ടുണ്ട്.
നിയസഭയില്‍ രേഖാമൂലം തന്ന മറുപടിയില്‍ 87 ആളുകളുടെ ലിസ്റ്റാണ് തന്നതെങ്കില്‍ എസ്.ഡി.പി.ഐ അനുഭാവിയുടെ മകനെ മന്ത്രി സ്ഥാനത്തുനിന്നും മാറുന്നതിന് തൊട്ടുമുന്‍പായി ഇല്ലാത്ത തസ്തികയില്‍ മന്ത്രിയുടെ സമ്മര്‍ദ്ദ ഫലമായി നിയമിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐ യും എസ്.എഫ്.ഐ യും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന് അനില്‍ അക്കരഎം.എല്‍.എ പറഞ്ഞു.

‘ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി’
ജലീലിനെതിരെ തെളിവുമായി കെ.എം ഷാജി

കോഴിക്കോട്: സ്വകാര്യ കമ്പനിക്ക് ഫയര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ട് കെ.എം ഷാജി എം.എല്‍.എ.
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈസന്‍സ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഫയര്‍ ലൈസന്‍സ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോള്‍ നിശ്ചിത അവധിക്കകം ഫയര്‍ എന്‍.ഒ.സി നല്‍കണമെന്ന കണ്ടീഷന്‍ വെച്ച് ലൈസന്‍സ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്.
നാളെത്തന്നെ ലൈസന്‍സ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. ‘ആ ബ്ലാക്ക് ജീനിയസ്സിന്റെ മറ്റൊരു മുഖംമൂടി കൂടി’ വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞാണ് കെഎം ഷാജിയുടെ ഫെയസ്ബുക്ക് പോസ്റ്റ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെയല്ലാം അഴിമിതിയില്‍ മുക്കിയാണ് കെ.ടിജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും കെ.എം ഷാജി പറയുന്നു. ഭൂമാഫിയക്കായി 146 ക്രമക്കേടുകള്‍ നടത്തിയ പാലക്കാട് എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് യു.ഡി ക്ലാര്‍ക്ക് പി രാമകൃഷ്ണനെ വകുപ്പുതല അന്വേഷണത്തിന് ശേഷം പിരിച്ചുവിട്ട അഞ്ചാം നാള്‍ തിരിച്ചെടുക്കാന്‍ മന്ത്രി നേരിട്ട് ഉത്തരവിട്ടതായ ആരോപമവുമുണ്ട്.
2018 ജൂണ്‍ എട്ടിനാണ് ഇയാളെ ജൂണ്‍ 18നു തന്നെ ഒരന്വേഷണവും കൂടാതെയാണ് തിരിച്ചെടുത്ത് മന്ത്രി ജലീല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് പുറമെയാണ് പുതിയ ആരോപണം.

ചട്ടംലംഘിച്ച് മന്ത്രി പത്‌നിക്കും സ്ഥാനക്കയറ്റം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ബന്ധുക്കളെയും ഇഷ്ടക്കാരെയും സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റിയതിന് പുറമെ സ്വന്തം ഭാര്യക്കും ചട്ടം ലംഘിച്ച് സ്ഥാന കയറ്റം നല്‍കിയതായി സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.
വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെ മന്ത്രി പത്‌നിക്ക് വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നല്‍കിയതിന്റെ രേഖകളുമായാണ് നേതാക്കള്‍ രംഗത്തെത്തിയത്. നിയമപ്രകാരം അര്‍ഹരായ അധ്യാപകര്‍ ഉണ്ടായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി പത്‌നിക്ക് സ്ഥാനം നല്‍കിയതിനു പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യവും, സ്വജനപക്ഷപാതമാണെന്നും ഇതിനായി വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ മാനേജ്‌മെന്റും ഒത്തുകളിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.2016 മെയ് ഒന്നിനാണ് മന്ത്രി പത്‌നിയായ എന്‍.പി ഫാത്തിമകുട്ടിയെ പ്രിന്‍സിപ്പലായി നിയമിക്കുന്നത്. ഹയര്‍സെക്കന്ററി സ്‌പെഷ്യല്‍ റൂള്‍ പ്രകാരം 12 വര്‍ഷത്തെ പരിചയമാണ് യോഗ്യത.
സമാന യോഗ്യതയുള്ളവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ ഹയര്‍സെക്കന്ററി വകുപ്പ് അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പരിഗണിച്ച് മാത്രമേ പ്രിന്‍സിപ്പലിനെ നിയമിക്കാവു. ജനന തീയതിയാണ് ഇതില്‍ പ്രധാനം. യോഗ്യതയില്‍ ഒന്നാം സ്ഥാനത്തുള്ള വി.കെ പ്രീത എന്ന അധ്യാപികയെ ഒഴിവാക്കിയാണ് എന്‍.പി ഫാത്തിമക്കുട്ടിയെ നിയമിച്ചത്. വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ്യതയുള്ള അധ്യാപകരില്‍ പ്രയം കുറഞ്ഞ അധ്യാപികയാണ് മന്ത്രി പത്‌നി. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് സ്‌കൂള്‍ മാനേജര്‍ ഹയര്‍സെക്കണ്ടറി വകുപ്പിന് ലിസ്റ്റ് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിനെതിരെ വിദ്യാഭ്യാസ വകുപ്പിനും സ്‌കൂള്‍ മാനേജര്‍ക്കും അര്‍ഹതയുള്ള അധ്യാപകര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പരാതി ബോധ്യപ്പെട്ട ശേഷവും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ മന്ത്രിയുടെ സ്വാധീനമാണെന്നും ആരോപണമുണ്ട്. ഇതിന് പ്രത്യുപകാരമായി മന്ത്രി ഇതേ സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ഹൈസ്‌കൂളിന് ഹയര്‍സെക്കണ്ടറി അനുവദിച്ചതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അര്‍ഹരെ പിന്തള്ളി മന്ത്രി പത്‌നി എന്ന ഒരൊറ്റ യോഗ്യതയില്‍ നിയമം കാറ്റില്‍ പറത്തിയ മന്ത്രി നിലപാട് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോലയും സന്നിഹിതനായിരുന്നു.

chandrika: