പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു.
2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുര്‍ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റികൊണ്ടുപോയി വാല്‍പ്പാറയില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്‌കൂളില്‍ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം പത്ത് മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാല്‍പ്പാറയിലെ തോട്ടത്തില്‍ പൊലീസ് കണ്ടെത്തിയത്.
കാറില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തില്‍ തള്ളുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നെഞ്ചില്‍ ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.
സര്‍വീസ് ചെയ്യാനെത്തിച്ച കാര്‍ മോഷണം പോയതായി സഫര്‍ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്‍വീസ് സ്റ്റേഷന്‍ അധികൃതര്‍ ശേഷം മരട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വിദ്യാര്‍ഥിനിയുടെ പിതാവും സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ സഫറിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. സെന്‍ട്രല്‍ പൊലീസ് അപ്പോള്‍ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.
മരടില്‍ നിന്നു മോഷണം പോയ കാര്‍ മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാല്‍പ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.
വാല്‍പ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുന്‍പു തന്നെ വാട്ടര്‍ഫാള്‍ പൊലീസ് കാര്‍ തടഞ്ഞു. പരിശോധനയില്‍, കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. കാറില്‍ രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയില്‍ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്.