മദ്യപിച്ചെത്തി ഹാപൂരിലെ ടോൾ ബുൾഡോസർ ഉപയോഗിച്ച് ആക്രമിച്ച പ്രതി മുസ്ലിമാണെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്. പൊലീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുറ്റം നടത്തിയ വ്യക്തിയുടെ പേര് ധീരജ് എന്നാണ്.
ഹാപൂരിൽ നിന്ന് ഛജാർസി ടോൾ ബൂത്തിൽ എത്തിയ ഇയാൾ ടോൾ തുക അടക്കാൻ വിസമ്മതിക്കുകയും ചോദ്യം ചെയ്തപ്പോൾ ബുൾഡോസർ ഉപയോഗിച്ച് ടോൾ കാബിനുകൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രതി മുസ്ലിം സമുദായക്കാരനാണെന്നും സാജിദ് എന്നയാളാണ് ഇതിന് പിന്നിലെന്നുമുള്ള വ്യാജ പ്രചരങ്ങൾ ഹിന്ദുത്വ സംഘടനകൾ നടത്തിയിരുന്നു. വലതുപക്ഷ മാധ്യമപ്രവർത്തകനായ സാഗർ കുമാർ, വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളും സമൂഹമാധ്യമ പേദുകളും സമാന വാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
വ്യാജപ്രചരണം ശക്തമായതോടെ കേസ് വിവരിച്ച് ഹാപൂർ പൊലീസ് സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ബുൾഡോസർ ഡ്രൈവറുടെ പേര് ധീരജ് എന്നാണെന്നും പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307ാം വകുപ്പ് പ്രാകരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും എസ്.പി അഭിഷേക് വർമ പറഞ്ഞു.
ബുൾഡോസർ സാജിദ് അലി എന്ന വ്യക്തിയുടേതാണെന്നും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ധീരജ് വാഹനമെടുത്ത് കടക്കുകയായിരുന്നുവെന്നും ആൾട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.