തിരുവനന്തപുരം: തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. കേസില്‍ പ്രതികളായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ പ്രതികള്‍ സംസ്ഥാനം വിട്ടു. മരിച്ച ഷെഹ്നയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് നവാസ്. നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വണ്ടിത്തടം ക്രൈസ്‌റ്റ് നഗർ റോഡിൽ വാറുവിള പുത്തന്‍ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹ്‍നയെ (23) ആണ് കഴിഞ്ഞ ആഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ പരോക്ഷമായി സ്ത്രീധന വിഷയം സംബന്ധിച്ച് പറയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഫോർട്ട് അസി. കമ്മിഷണർ എസ്.ഷാജി, തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.