ഫരീദാബാദ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഫരീദാബാദില്‍ അഞ്ചു മുസ്്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കേസില്‍ പിടികിട്ടാത്ത പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇരുപക്ഷത്തുമായി 15 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാംകിഷോര്‍ (21), ദിലിപ് (19), ലഖാന്‍ (24) എന്നിവരാണ് അറസ്റ്റിലായവര്‍.
ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരന്മാരാരായ മുഹമ്മദ് ഇസാന്‍, ഷഹ്‌സാദ് ഇസാന്‍, ശക്കീല്‍, ആസാദ് മുഹമ്മദ് എന്നിവരെയാണ് പശുഭീകരര്‍ ആക്രമിച്ചിരുന്നത്. എല്ലാവരും ഫരീദാബാദ് സ്വദേശികളാണ്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അക്രമികള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. അതേസമയം, ഇവരുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമല്ലെന്നും പോത്തിറച്ചിയായിരുന്നു എന്ന പരിശോധനാ ഫലവും പുറത്തുവന്നിട്ടുണ്ട്.
വാഹനം തടഞ്ഞു വെച്ച ശേഷം ഭാരത് മാതാ കീ ജെയ്, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ഇവര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഇയാളെ ബോധരഹിതനായാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പോലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ ജനക്കൂട്ടം തല്ലിച്ചതച്ചതെന്നും മര്‍ദ്ദനത്തിനെതിരെ ഒന്നും ചെയ്യാതെ ഓട്ടോയില്‍ ബീഫുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും ഇരകള്‍ പറയുന്നു. മര്‍ദനമേറ്റവര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് അക്രമികള്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തയാറായത്. പശുസംരക്ഷണത്തിനായുള്ള 2015ലെ ഗോംശവര്‍ധന്‍ നിയമപ്രകാരമാണ് ഇരകള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പശുഭീകരതക്കെതിരെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് താക്കീത് നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മരിച്ചവരില്‍ 86 ശതമാനവും മുസ്‌ലിംകള്‍
2010-2017 കാലയളവില്‍ കൊല്ലപ്പെട്ടവര്‍ – 28
മുസ്‌ലിംകള്‍ – 86% (24)
അക്രമസംഭവങ്ങള്‍ – 63
2017 ല്‍ മാത്രം – 20
ഈ സംഭവങ്ങളില്‍ 97 ശതമാനവും മോദി അധികാരത്തിലെത്തിയ ശേഷം
63 കേസില്‍ 32 ഉം ബി.ജെ.പി ഭരിക്കുന്ന
സംസ്ഥാനങ്ങളില്‍
അക്രമങ്ങള്‍ പാതിയിലേറെ (52%) ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍