X

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതിയെ തിരികെയെടുത്തു; ആലപ്പുഴയില്‍ പ്രവർത്തകർ സിപിഎം വിട്ടു

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതില്‍ പ്രതിഷേധം. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ 5 പേര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. 2013 ഒക്ടോബര്‍ 31നാണ് കഞ്ഞിക്കുഴി കണ്ണര്‍ക്കാട്ടെ പി കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്.

കേസിലെ പ്രതി മുന്‍ ലോക്കല്‍കമ്മറ്റി സെക്രട്ടറി സാബുവിനെ മൂന്നു മാസം മുമ്പ് സിപിഎമ്മില്‍ തിരികെയെടുക്കുകയായിരുന്നു. ഇതിനെതിരെ ജില്ലാ-സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കണ്ണര്‍കാട് ബി ബ്രാഞ്ചില്‍ പെട്ട 5 പേര്‍ രാജിവച്ചത്.

രാജിവച്ചവരില്‍ ഉള്‍പ്പെട്ട മൂന്ന് വനിതകള്‍ മഹിള അസോസിയേഷന്റെയും, ഡിവൈഎഫ്‌ഐയുടെയും മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎം കണ്ണര്‍ക്കാട് ലോക്കല്‍ സെക്രട്ടറി സാബു, സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ്,വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രന്‍ എന്നിവരായിരുന്നു പ്രതികള്‍. സ്മാരകം തകര്‍ത്ത കേസില്‍ തെളിവില്ലാത്തതിനാല്‍ പ്രതികളെ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നായിരുന്നു കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

webdesk13: