X

ബുലന്ദ്ഷഹര്‍ കലാപക്കേസിലെ പ്രതിയെ യു.പിയില്‍ ബി.ജെ.പി സോണല്‍ പ്രസിഡന്റായി നിയമിച്ചു

2018ലെ സിയാന തീവെപ്പ് കേസിലെ പ്രതിയെ ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സോണല്‍ പ്രസിഡന്റായി നിയമിച്ചു. പ്രതി സച്ചിന്‍ അഹ്ലവത്തിനെ ബുലന്ദ്ഷഹറിലെ സോണല്‍ പ്രസിഡന്റായാണ് ബി.ജെ.പി യു.പി ഘടകം തീരുമാനിച്ചത്. ബുലന്ദ്ഷഹറില്‍ ബി.ജെ.പി 31 സോണല്‍ പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് ബിബി നഗറില്‍ ഇയാളും നിയമിക്കപ്പെട്ടത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

2018 ഡിസംബര്‍ മൂന്നിനാണ് കുപ്രസിദ്ധമായ കലാപമുണ്ടായത്. ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ സയാന പ്രദേശത്ത് വയലില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നാരോപിച്ചാണ് അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. പിന്നീട് ചിരങ്വതി പൊലീസ് പോസ്റ്റില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് 60ഓളം പേര്‍ ട്രാക്ടറില്‍ പശുക്കളുടെ ജഡം കയറ്റിയാണ് എത്തിയത്.

ഗോഹത്യയില്‍ പ്രദേശത്തെ ഏതാനും മുസ്‌ലിംകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബുലന്ദ്ഷഹര്‍ ഹൈവേ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ സിയാന പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുബോധ് കുമാര്‍ സിങ് തന്റെ ടീമിനൊപ്പം സ്ഥലത്തെത്തി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ ജനക്കൂട്ടം അക്രമാസക്തരായി. സുബോധ് സിങ്ങിനെ ജനക്കൂട്ടം ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിനനീട് വെടിവെച്ചു കൊല്ലുകയും ചെയ്തു. അക്രമത്തിനിടെ പ്രതിഷേധക്കാരില്‍ ഒരാളും കൊല്ലപ്പെട്ടു.

 

webdesk13: