ന്യൂഡല്‍ഹി: ബീല്‍കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ കാലാവധി തീരും മുമ്പെ വിട്ടയച്ച നടപടിയാണ് രന്ദിക്പൂരിനെ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ എത്തിച്ചത്. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും ദാരുണ സംഭവങ്ങളില്‍ ഒന്നായ ബില്‍കീസ് ബാനു കേസ് അരങ്ങേറിയത് ഇവിടെയായിരുന്നു. ബില്‍കീസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെയാണ് അന്ന് കലാപകാരികള്‍ കൂട്ടക്കൊല ചെയ്തത്. മൂന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്‍മുന്നിലിട്ട് നിലത്തടിച്ചു കൊന്നു. ക്രൂരമായ രീതിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടു. കൊടിയ യാതനകളെ അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും പിന്നീടൊരിലും രന്ദിക്പൂരിലേക്ക് പോയില്ല. അത്രമേല്‍ ഭയമായിരുന്നു അവര്‍ക്ക് ആ നാടിനെ.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയിലിലെ നല്ല നടപ്പു ചൂണ്ടിക്കാട്ടി മോചിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നത് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമായിരുന്നു. ആ രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും വീട്ടിനകത്ത് ഒളിക്കുകയായിരുന്നു. ചിലര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ന്യായീകരിച്ചു. മറ്റു ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ഉരിയാടിയില്ല. മറ്റു ചിലരാവട്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പോലും വരാതെ ഓടിയൊളിച്ചു.
ഞങ്ങള്‍ നിരപരാധികളാണ്. സ്വന്തം അമ്മാവനും അനന്തിരവനും പരസ്പരം മുന്നിലിട്ട് ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യുമോ? ഹിന്ദു സമുദായത്തില്‍ അങ്ങനെ സംഭവിക്കുമോ? ഒരിക്കലും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ല- ജയില്‍ മോചനം ലഭിച്ച പ്രതികളില്‍ ഒരാളായ ഗോവിന്ദ് നായ് നിരത്തിയ വാദങ്ങളായിരുന്നു ഇതെല്ലാം. നേരത്തെ 2017ല്‍ പരോളില്‍ ഇറങ്ങിയ കാലത്ത് തനിക്കെതിരെ മൊഴി നല്‍കിയ രണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗോവിന്ദ് നായികിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതേ പ്രതിയെയാണ് നല്ല നടപ്പ് ചൂണ്ടിക്കാട്ടി നേരത്തെ മോചിപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പക്ഷേ ഗോവിന്ദ് നായിക് പ്രതികരിച്ചില്ല. എന്റെ നാട്ടില്‍ നിന്ന് കടന്നുപോകൂ എന്നായിരുന്നു ഈ ചോദ്യത്തോട് മാധ്യമ സംഘത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി. വീടിനു സമീപത്ത് ഗോവിന്ദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അവരോട് സംസാരിക്കാനുള്ള സംഘത്തിന്റെ ശ്രമവും അദ്ദേഹം ഇടപെട്ട് തടഞ്ഞു.
തെരുവിലൂടെ മുന്നോട്ടു പോകുമ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില്‍പ്പനക്ക് തൂക്കിയിട്ടിരിക്കുന്ന ചെറിയൊരു കട കാണാം. ചുറ്റളവ് കുറഞ്ഞ ഒന്നിലധികം നിലകളുള്ള കെട്ടിടം. ബില്‍കീസ് ബാനുവിന്റെ വീടായിരുന്നു ഇത്. ഇപ്പോഴത് അവിടെത്തന്നെയുള്ള ഒരു ഹിന്ദു സ്ത്രീക്ക് കട നടത്താന്‍ വാടകക്ക് നല്‍കിയിരിക്കുകയാണ്. പിന്നീടൊരിക്കലും ആ വീട്ടിലേക്ക് ബില്‍കീസ് ചെന്നിട്ടില്ല. കാരണം പ്രതികളില്‍ ഏറെയും ആ ചുറ്റുപാടും തന്നെയുള്ളവരായിരുന്നു. തൊട്ടു എതിര്‍വശത്തായി ചെറിയൊരു പടക്കക്കടയുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് കടയുടമ ആശിഷ് ഷാ. ബില്‍കീസ് ബാനു കേസിലെ മറ്റൊരു പ്രതി രാധേശ്യാം ഷായുടെ ഇളയ സഹോദരനാണ് ആശിഷ് ഷാ. ജയില്‍ മോചിതനായ ശേഷം രാധേശ്യാം ഷാ ഇവിടേക്ക് വന്നിട്ടില്ലെന്നായിരുന്നു ആശിഷിന്റെ പ്രതികരണം. പരോളിലിറങ്ങിയ സമയത്ത് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രാധേശ്യാമിനും ഇതേ കേസിലെ മറ്റൊരു പ്രതിക്കും ആശിഷ് ഷാമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നിട്ടും ഭരണകൂടത്തിന്റെ കണക്കില്‍ അവര്‍ നല്ല നടപ്പുകാരായിരുന്നു. ശിക്ഷ പൂര്‍ത്തിയാകും മുമ്പേ ജയില്‍ മോചനം ലഭിക്കാന്‍ അര്‍ഹരും. ഇതേക്കുറിച്ച ചോദ്യത്തിന്, അടിസ്ഥാന രഹിതമായിരുന്നു ഈ കേസ് എന്നാണ് ആശിഷ് ഷായുടെ വാദം. എന്നാല്‍ ഈ ചോദ്യത്തോടെ മാധ്യമ സംഘത്തോടുള്ള സംസാരം അദ്ദേഹം നിര്‍ത്തി. ഈ കേസില്‍ പരാതിക്കാരായ സെബര്‍ബെന്‍ അയ്യൂബിനേയും പിന്തു ഭായിയേയും സംഘം കണ്ടു. ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലെ അപൂര്‍വം ചില മുസ്്‌ലിം നിവാസികളില്‍ ചിലരായിരുന്നു ഇരുവരും. അന്ന് ഉന്നയിച്ച അതേ ആരോപണങ്ങള്‍ അവര്‍ എന്‍.ഡി.ടി.വി സംഘത്തിനു മുന്നിലും ആവര്‍ത്തിച്ചു.
മറ്റൊരു പ്രതി രജുഭായ് സോനിയെ തേടിയായിരുന്നു അടുത്ത യാത്ര. അവിടെ തന്നെ ജ്വല്ലറി നടത്തുകയാണ് അദ്ദേഹം. ക്യാമറ കണ്ടതും ഉള്‍വലിഞ്ഞു. ഏറെ നേരം കാത്തിരുന്നെങ്കിലും പുറത്തേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ല.പ്രതികളുടെ നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും അതില്‍ ഒപ്പുവെക്കുകയും ചെയ്ത സര്‍ക്കാര്‍ ജീവനക്കാരെയും സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. ജില്ലാ കളക്ടറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും കാര്യം പറഞ്ഞതോടെ ഒന്നും മറുപടി നല്‍കാതെ അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.