ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ ഭീകരരെന്നു സംശയിക്കുന്ന 5000 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം. ഇതുവഴി 30 ലക്ഷം ഡോളര്‍ ഖജനാവിലേക്ക് കൂട്ടിച്ചേര്‍ത്തതായി പാക് ഭീകര വിരുദ്ധ വിഭാഗം അറിയിച്ചു.
രാഷ്ട്രീയ പിന്തുണയും തീവ്രവാദികളോട് മൃദു സമീപനമുള്ളവരുടെ പിന്തുണയും കാരണം പാകിസ്താനില്‍ തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സഹായം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ ഇത്രയും അക്കൗണ്ടുകള്‍ മരവിപ്പിച്ചാലും തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.
അടുത്ത മാസം സ്‌പെയിനില്‍ ചേരുന്ന യോഗത്തിലാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് തീവ്രവാദത്ത സഹായിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുക. നേരത്തെ 9/11 ഭീകരാക്രമണത്തിനു പിന്നാലെ പാക് ഭീകര സംഘടനകള്‍ക്കു പിന്തുണ നല്‍കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘടനകള്‍ പുതിയ പേരില്‍ ഫണ്ടുകള്‍ സ്വീകരിക്കുന്നതായി പാക് അധികൃതര്‍ കണ്ടെത്തിയിരുന്നു.
തീവ്രവാദികള്‍ക്കുള്ള സഹായം കണ്ടെത്തുന്നതിനായി രൂപീകരിച്ച പാകിസ്താന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി നാലു വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് ഡയരക്ടര്‍ ഇഷാന്‍ ഗനി പറയുന്നു.