വേനല്‍മഴ അകന്നതോടെ ചുട്ടുപൊള്ളുകയാണ് കേരളം. വരുംദിവസങ്ങളിലും കൂടിയ അളവില്‍ സംസ്ഥാനത്ത് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ വേനല്‍ മഴ വ്യാപാകമാവാനുള്ള സാധ്യതയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. വേനല്‍ മഴ കുറഞ്ഞതിന് പുറമേ കൂടിയ അള്‍ട്രാവയലറ്റ് വികിരണവും, ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റുമാണ് ചൂട് കൂടാന്‍ കാരണമെന്ന് മെറ്റ്ബീറ്റ് വെതറിലെ വെതര്‍ ഫോര്‍കാസ്റ്റ് കണ്‍സള്‍ട്ടന്റ് അഭിലാഷ് ജോസഫ് പറഞ്ഞു. ഭൂമധ്യരേഖ കടന്ന് സൂര്യന്‍ ഉത്തരധ്രുവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ കേരളത്തിലുള്‍പ്പെടെ സൂര്യപ്രകാശം നേരിട്ട് പതിക്കുകയാണ്. ഇത് സ്വാഭാവിക പ്രക്രിയയാണെന്നും, ചൂട് കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ വേനല്‍ മഴ കുറഞ്ഞതാണ് കൂടിയ ചൂടിന് മറ്റൊരു കാരണം. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് വീശിയടിക്കുന്നതും ചൂട് കൂടാന്‍ കാരണമായിട്ടുണ്ട്.
ചില ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാവുമെങ്കിലും വലിയ ആശ്വാസത്തിന് വകയില്ല. ഏപ്രില്‍ അവസാനത്തോടെ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ കൊടുംചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിച്ചേക്കാം. അതേസമയം കേരളത്തില്‍ 58 ഡിഗ്രി വരെ ചൂട് ഉയരാമെന്ന റിപ്പോര്‍ട്ടുകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 41 ഡിഗ്രിയാണ് കേരളത്തില്‍ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഔദ്യോഗിക കണക്കുകളില്‍ ഇത് 44 ഡിഗ്രി വരെ ഉയരാം. പാലക്കാട് കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
അതേസമയം, ഈ വര്‍ഷം രാജ്യത്ത് മഴ കുറയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ദീര്‍ഘകാല ശരാശരിയുടെ 96% മഴ രാജ്യത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യ മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും വകുപ്പ് നിരീക്ഷിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കുറഞ്ഞ മഴക്ക് സാധ്യതയുള്ളത്. എന്നാല്‍ വയനാട്ടില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ സാധാരണ തോതിലുള്ള മഴക്കാണ് സാധ്യത. കേരളത്തില്‍ കാലവര്‍ഷമെത്തുന്ന തീയതി ഉള്‍പ്പെടെയുള്ള വിശദമായ പ്രവചനം മെയ് അവസാനവാരത്തില്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടും.