കോഴിക്കോട്: റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍. സമീപകാലത്തായി കോഴിക്കോട് ജില്ലയിലെ വിവിധ റെയില്‍വെസ്റ്റേഷന്‍ പരിധികളിലായി അപകടം തുടര്‍കഥയാകുമ്പോഴും നിയമംലംഘിച്ച് ട്രാക്ക് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഡിവിഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി 450 അപകടങ്ങളാണുണ്ടായത്. ഇതില്‍ 321 പേരുടെ ജീവനാണ് ട്രാക്കില്‍പൊലിഞ്ഞത്. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2021 ല്‍ 261 അപകടങ്ങളുടെ സ്ഥാനത്താണ് വലിയവര്‍ധനവുണ്ടായത്. 2021ല്‍ 207 പേരുടെ ജീവനാണ് നഷ്ടമായത്. 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കല്ലായില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. കൊയിലാണ്ടിയിലും പയ്യോളിയിലുമെല്ലാം മാസങ്ങള്‍ക്കിടെ അപകടങ്ങളുണ്ടായി. ട്രെയിന്‍ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അശ്രദ്ധയോടെയുള്ള ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശനനടപടിവേണമെന്ന ആവശ്യവും ശക്തമാണ്. ബോധവത്കരണ പരിപാടികളടക്കം നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഓടുന്ന തീവണ്ടിയില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിയില്‍ സംഭവിക്കുന്ന അപകടങ്ങളും നിരവധിയാണ്. ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിറുത്തുമ്പോള്‍ ഇറങ്ങി ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ എതിരെവരുന്ന ട്രെയിനിടിച്ചും ദുരന്തമുണ്ടാകുന്നു. വേഗത്തിലെത്താന്‍ റെയില്‍വെ ഗേറ്റിലൂടെയല്ലാതെ മുറിച്ചുകടക്കുന്നതും ഇപ്പോഴുംതുടരുന്നു.
സ്‌കൂള്‍കുട്ടികളടക്കം നിരവധിപേരാണ് ദിവസേനെ ഇത്തരത്തില്‍ ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍വരുന്നത് ദൂരെനിന്ന് കണ്ടാലും പലപ്പോഴും വേഗത്തില്‍ ട്രാക്കിലൂടെ അപ്പുറത്തേക്ക് ഓടുന്നതും സ്ഥിരംകാഴ്ചയാണ്. പാളത്തില്‍ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും പലപ്പോഴും കേസെടുക്കാറില്ല. ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 2261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 145 ന്യൂയിസന്‍സ് കേസുകളും 2120 അതിക്രമിച്ച് കടന്ന കേസുകളുമാണുള്ളത്.
ദൂരവും സമയവുമാണ് പലപ്പോഴും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ളശബ്ദത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെ ഇലക്ട്രിക് എന്‍ജിനുകള്‍ക്ക് ശബ്ദം കുറവായതിനല്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല.