X
    Categories: keralaNews

തൊഴില്‍ മേഖലയില്‍ അപകടം; നഷ്ടപരിഹാരത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഹൈക്കോടതി

കൊച്ചി: തൊഴില്‍ മേഖലയില്‍ അപകടത്തിനിരയാവുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തിനിരയാവുന്നവരോ അവരുടെ ആശ്രിതരോ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറെടുവിച്ചത്.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പഠന റിപോര്‍ട്ട് പരിഗണിച്ച് സ്വമേധയാ രജിസറ്റര്‍ ചെയ്ത കേസിലാണ് കോടതി വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തൊഴില്‍ മേഖലകളിലുണ്ടാവുന്ന അപകടത്തെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പുകള്‍ പോലിസ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറണം. ഇരകളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലഭിക്കുന്ന അപേക്ഷകള്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ കമ്മീഷണര്‍ക്ക് കൈമാറണം.

ഇരകളില്‍ നിന്നോ വിചാരണ കോടതിയില്‍ നിന്നോ ശുപാര്‍ശകള്‍ ലഭിച്ചാല്‍ കമ്മീഷണര്‍ക്ക് നിയമപ്രകാരം കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം ശുപാര്‍ശകളും എഫ്.ഐ.ആറും അപേക്ഷകളും സംസ്ഥാന,ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ വിലയിരുത്തി തൊഴിലിടങ്ങളില്‍ വെച്ചാണോ അപകടമുണ്ടായതെന്നും കണ്ടെത്തണം.

നഷ്ടപരിഹാരം അവകാശപ്പെടുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷണര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹായം തേടണം. തൊഴിലിടങ്ങളിലുണ്ടാവുന്ന അപകടത്തിലെ ഇരകളും ആശ്രിതരും നല്‍കുന്ന അപേക്ഷകളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനു തയ്യാറാവണം. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചുവെന്നു സംസ്ഥാന പോലിസ് മേധാവി മുഖേന സര്‍ക്കാര്‍ ഉറപ്പാക്കണം.

ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പുകള്‍ എത്രയും പെട്ടെന്നു കൈമാറുന്നതിനു അതാത് പൊലിസ് സ്‌റ്റേഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ ഹാജരായി.

Chandrika Web: