ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിക്കാനിടയായ സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോര്‍ട്ട്. സമാനമായ രീതിയില്‍ മിസൈല്‍ വിക്ഷേപിക്കാനായിരുന്നു പാക് നീക്കമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.മിസൈല്‍ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയതിനാല്‍ പാകിസ്താന്‍ ഈ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബിലെ അംബാലയില്‍ നിന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാകിസ്താനിലെ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. എന്നാല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നു നഗരത്തിലാണ് മിസൈല്‍ പതിച്ചത്. മിസൈലിന്റെ സഞ്ചാരപാത നീരീക്ഷിച്ചുകണ്ടെത്തിയെന്ന് പാക് സൈനിക വക്താവ് ജനറല്‍ ബാബര്‍ ഇഫ്തികര്‍ അറിയിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഉന്നത തലത്തില്‍ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചിരുന്നു. എന്നാല്‍ രാജ്‌നാഥിന്റെ പ്രസ്താവന അപൂര്‍ണവും അപര്യാപ്തവുമാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും സംയുക്ത അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.