X
    Categories: indiaNews

കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ അപകടം; ബിഹാറില്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ബിഹാറില്‍ കോച്ചുകള്‍ വേര്‍പെടുത്തുന്നതിനിടെ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഡിവിഷനിലെ പോര്‍ട്ടര്‍ അമര്‍ കുമാര്‍ റാവുവാണ് മരിച്ചത്. ബിഹാറിലെ ബരൗണി ജങ്ഷനിലാണ് സംഭവം.

അമര്‍ കുമാറിനൊപ്പം മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നു. ഇയാള്‍ തെറ്റായ സിഗ്‌നല്‍ നല്‍കിയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍ ലോക്കോ പൈലറ്റാണ് അപകടത്തിന് ഉത്തരവാദിയെന്നാണ് അപകടത്തിന് സാക്ഷിയായ ഈ ജീവനക്കാരന്‍ പറയുന്നത്. തന്റെ സിഗ്‌നലിന് കാത്തുനില്‍ക്കാതെ ലോക്കോ പൈലറ്റ് എന്‍ജിന്‍ തിരിച്ചുവിട്ടതാണ് അമറിന്റെ മരണത്തിന് കാരണമായതെന്നും ഇയാള്‍ പറഞ്ഞു.

അമര്‍ റാവുവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ ദാരുണമായ മരണത്തില്‍ കലാശിച്ചതെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരായ റെയില്‍വേ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതരെ അനുവദിക്കില്ലെന്ന് കുടുംബം അറിയിച്ചു.

സോണ്‍പൂര്‍ ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വിവേക് ഭൂഷണ്‍ സൂദ് സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.

 

 

webdesk17: