X

അപകടം മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങവേ; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞമാസം 30ന്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടം ഉണ്ടായത് മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങവെ. മല്ലശ്ശേരി സ്വദേശികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം നവംബര്‍ 30നായിരുന്നു. നിഖില്‍ ജോലി ചെയ്യുന്നത് കാനഡയിലാണ്. വീട് എത്താന്‍ ഏഴു കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കേയാണ് വിധി ഇവരുടെ ജീവന്‍ കവര്‍ന്നത്.

പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്‍. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.

ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാധ്യതയായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

webdesk14: