X

തിരയടിക്കുന്നത് കേള്‍ക്കില്ലെങ്കിലും ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പതിവാക്കി അഷ്‌റഫും റഹ് മത്തും

അഷ്‌റഫും റഹ്്മത്തും

വടകര : കടലോളങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ വടകര അഴിത്തല തുരുത്തീമ്മല്‍ അഷ്‌റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്‍. സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവ് അന്യമാണെങ്കിലും അഴിമുഖത്തെയും കടലിനെയും ചെറു ബാല്യം മുതല്‍ തന്നെ ഇവര്‍ക്കറിയാം.
ഇന്നലെ അഴിത്തലയില്‍ തോണിയപകടമുണ്ടായപ്പോള്‍ കടലില്‍ മുങ്ങിത്താണ രണ്ട് പേരെ രക്ഷപ്പെടുത്തിയത് അഷ്‌റഫും റഹ്്മത്തും കൂട്ടുകാരുമാണ്. അപകടം നേരില്‍ കണ്ട ഇരുവരും മുങ്ങിക്കൊണ്ടിരിക്കുന്ന വള്ളത്തിനടുത്തേക്ക് ബോട്ടില്‍ പെട്ടെന്ന് തന്നെ എത്തുകയായിരുന്നു. അപകടത്തില്‍ പെട്ട അയനിക്കാട് സ്വദേശികളായ ആബിദിനെയും ഹമീദിനെയും രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റിയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫായിസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫായിസിനെ രക്ഷിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആംഗ്യ ഭാഷയില്‍ ഇവര്‍ ദു:ഖത്തോടെ പറയുന്നു. പിന്നീട് ഫായിസിനെ കണ്ടെത്താനുള്ള തെരച്ചിലിനും സംഘം സജീവമായി രംഗത്തുണ്ടായിരുന്നു.

അഴിത്തലയില്‍ അപകടങ്ങള്‍ ഉണ്ടായപ്പോഴൊക്കെ കടലില്‍ അകപ്പെട്ടവരെ തിരയുന്നതിന് അഷ്‌റഫും റഹ്്മത്തും മുമ്പിലുണ്ടാവാറുണ്ട്. ഈയടുത്ത് പുറങ്കര സ്വദേശിയായ വിദ്യാര്‍ത്ഥി കടലില്‍ അകപ്പെട്ടപ്പോഴും ഇതിനു മുമ്പ് തൊട്ടില്‍പാലം സ്വദേശിയായ വിദ്യാര്‍ത്ഥി തിരയിലകപ്പെട്ടപ്പോഴും ജീവന്‍ രക്ഷാ ദൗത്യമായി ഇരുവരും സജീവമായിരുന്നു.
ചെറുബോട്ടില്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും മത്സ്യബന്ധനത്തിന് പോയിട്ടുള്ള പരിചയമാണ് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നതിന് സഹായകമാകുന്നത്. ബോട്ടില്‍ ഇന്ധനം നിറക്കുന്നതിനും മറ്റുമുള്ള ചെലവ് സ്വന്തമെടുത്താണ് മത്സ്യ ബന്ധന തൊഴിലാളികള്‍ രക്ഷാ ദൗത്യത്തിനിറങ്ങുന്നത്. സര്‍ക്കാറില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ഒരു തരത്തിലുള്ള പ്രതിഫലവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പരേതനായ പൈക്കാടി ഇബ്രാഹിമിന്റെയും സൈനബയുടെയും മക്കളാണ് അഷ്‌റഫും റഹ്്മത്തും.

chandrika: