X

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു; പോസ്റ്റ് മോര്‍ട്ടത്തെച്ചൊല്ലി തര്‍ക്കം

മലപ്പുറം: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ബഹളം. വെള്ളിയാഴ്ച മക്കരപ്പറമ്പ് കാറിടിച്ച് പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വറ്റല്ലൂര്‍ കക്കേങ്ങല്‍ ബഷീറിന്റെ (54) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ചൊല്ലിയാണ് പ്രശ്‌നം.

ഞായറാഴ്ചയാണ് ബഷീര്‍ മരിച്ചത്. മൃതദേഹം പൊലീസ് പരിശോധനക്ക് ശേഷമാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ അവധിയില്‍ ആയിരുന്നു. ആശുപത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ബഹളമുണ്ടാക്കി.

അപകടത്തില്‍ പെട്ട് ചികിത്സയില്‍ ഇരിക്കെയുണ്ടായ മരണമായതിനാല്‍ ഇവിടെത്തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം എന്നായിരുന്നു ബന്ധുക്കളുടെ വാദം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് മഞ്ചേരിയിലേക്ക് കൊണ്ടു പോയി.

 

webdesk14: