വൈറലാവാന്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് വിഡിയോ പകര്‍ത്തി യുവാക്കള്‍. ട്രോള്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നതിനുവേണ്ടിയാണ് ഒരു കൂട്ടം യുവാക്കള്‍ ബൈക്ക് യാത്രക്കാരുടെ ജീവന്‍വെച്ചു കളിച്ചത്. അപകടത്തിന്റെ വിഡിയോ ഹിറ്റായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടനടി നടപടിയെടുക്കുകയും ചെയ്തു. ബൈക്ക് പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി.
വീഡിയോ ചിത്രീകരണത്തിനായി ന്യൂജെന്‍ ബൈക്കില്‍ അതിവേഗത്തില്‍ പാഞ്ഞെത്തി മുന്നില്‍പ്പോയ ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ മുന്നില്‍ പോയ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക് പരിക്കേറ്റു. ഇതെല്ലാം ഇവര്‍ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന്, ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ ഒരു രംഗത്തിന്റെ സംഭാഷണവും പശ്ചാത്തല സംഗീതവും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അതിവേഗം അലങ്കാരമല്ല, അഹങ്കാരമാണെന്ന തലക്കെട്ടോടെയാണ് വിഡിയോ എത്തിയത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍വച്ച് ആറ് യുവാക്കള്‍ ചേര്‍ന്നാണ് വിഡിയോ ചിത്രീകരിച്ചത്.
സിനിമയില്‍ സിദ്ദീഖും മുകേഷും ജഗദീഷും അശോകനുംചേര്‍ന്ന് പറവൂര്‍ ഭരതന്റെ കഥാപാത്രത്തെ ഇടിച്ചുവീഴ്ത്തി പരിചയപ്പെടാന്‍ ശ്രമിക്കുന്ന രംഗമാണ് ഇവര്‍ ട്രോളിനായി ഉപയോഗിച്ചത്. സിനിമയിലെ സംഭാഷണങ്ങള്‍ നാലു ബൈക്കുകളിലിരുന്ന് ആറംഗ സംഘം അനുകരിക്കുന്നതാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് രണ്ടുപേര്‍ ബൈക്കില്‍ അതിവേഗത്തില്‍ പായുന്നു. മുന്നില്‍പ്പോയ ബൈക്കിനുപിന്നില്‍ ഇടിച്ചു നിര്‍ത്തുന്നതും ആ ബൈക്ക് പാളിപ്പോകുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
അപ്രതീക്ഷിത ആഘാതത്തില്‍ ഭയപ്പാടോടെ നോക്കുന്ന ബൈക്ക് യാത്രക്കാരുടെ ദൃശ്യം തിരിച്ചറിഞ്ഞ നാട്ടുകാരാണു വിവരം മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചത്. വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ പല്ലന സ്വദേശി അല്‍ത്താഫും പിതൃസഹോദരനുമാണ് ഇടിയേറ്റ ബൈക്കിലുണ്ടായിരുന്നത്. അന്വേഷണത്തെ തുടര്‍ന്ന് ബൈക്കുടമ കാര്‍ത്തികപ്പള്ളി മഹാദേവികാട് നന്ദനത്തില്‍ ആകാശ് ശശികുമാറിന്റെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ലൈസന്‍സ് ആറുമാസത്തേക്കു റദ്ദാക്കി.