രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഫോണ്‍ സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാലത്ത് കോഴിക്കോട്ടെ കൊളേജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലുമായി കേരള ഹൈക്കോടതി. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം വിദ്യാഭ്യാസം പോലെ തന്നെ ഇന്റര്‍നെറ്റും മൗലികാവകാശമാണെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.
വനിതാ ഹോസ്റ്റലുകളില്‍ അകാരണമായി നടപ്പാക്കിവരുന്ന പ്രാകൃത നിയമങ്ങള്‍ക്കെതിരെ കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഫഹീമ ഷിറിന്‍ കോടതിയെ സമീപിച്ചതോടെ ജസ്റ്റിസ് പിവി ആശയുടെ സിംഗിള്‍ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൊളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് ലഭ്യത തടയുകയും, പരാതി കൊടുത്ത പെണ്‍കുട്ടിയെ പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെയാണ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
വിധിയില്‍ അതിനിശിതമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. സ്വകാര്യതയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും ഭാഗമാണ് ഇന്റര്‍നെറ്റെന്ന് കോടതി വിലയിരുത്തി.
ഇന്റര്‍നെറ്റ് ലഭ്യത മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് സ്വകാര്യതയുടേത്. വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനം കൂടിയാണ് ഇന്റര്‍നെറ്റും മൊബൈല്‍ സേവനവും ലഭിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ തടയുന്നതെന്നും ജസ്റ്റിസ് ആശ വിധിപ്രസ്താവത്തില്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റര്‍നെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും അത് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും വിവിധ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ സമയത്ത് ഹോസ്റ്റലില്‍ മൊബൈല്‍ നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
പഠനസഹായിയായ ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് പരാതിക്കാരി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലെ ഫോണ്‍ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണമെന്നും ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് ഫഹീമ കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങുന്നത്. രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് മണി വരെ ഹോസ്റ്റലില്‍ ഫോണ്‍ വാങ്ങിവയ്ക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഈ നിയമത്തിനോടുള്ള കുട്ടികളുടെ എതിര്‍പ്പ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് ഈ വര്‍ഷം മുതല്‍ ആ നിയമത്തില്‍ മാറ്റം വരും എന്നായിരുന്നു.
എന്നാല്‍ പിന്നീട് പഠന സമയത്ത് ഫോണോ ഇന്റെര്‍നെറ്റ് സൗകര്യമുള്ള ഉപകരണമോ കൈവശം വയ്ക്കാന്‍ അനുവാദമില്ലെന്ന നിയമമാണ് ഹോസ്റ്റലില്‍ നടപ്പാക്കിയത്. വൈകീട്ട് ആറ് മുതല്‍ പത്ത് വരെയാണ് ഇന്റര്‍നെറ്റ് വിലക്കിയത്. ഇത് പിജി, ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കിയതോടെ പിജി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ ഹോസ്റ്റലിന് ഒറ്റ നിയമമാണെന്നും ആര്‍ക്കും അതില്‍ ഒരു ഇളവും ലഭിക്കില്ല എന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹോസ്റ്റലിനു വെളിയില്‍ പോകാനുമായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്റെ നിര്‍ദേശം. ഡോ. ദേവിപ്രിയയാണ് കോളജ് പ്രിൻഡസിപ്പൽ. ഇവർ തന്നെയാണ് ഹോസ്റ്റൽ വാർഡനും. ഇതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥി ഫഹീമ ഷിറിനെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ഫഹീമ റിട്ട് ഹരജിയിലൂടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും വിദ്യാര്‍്ത്ഥിനി സഹായം തേടി.
പഠനപരമായ വിവരശേഖരണത്തിന് ഇന്റര്‍നെറ്റ് അത്യാവശ്യമാണെന്ന വാദവും ഭരണഘടനാ പ്രകാരം സ്ഥാപിതമായ മൗലികാവകാശത്തെയാണ് കൊളേജ് അധികൃതര്‍ തടഞ്ഞിരിക്കുന്നതെന്ന ഹരജിക്കാരിയുടെ വാദത്തെയും കോടതി കണക്കിലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി കേസില്‍ സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്ന സംഘടനയും കക്ഷി ചേര്‍ന്നിരുന്നു. ‘യുവര്‍ ലോയേസ് ഫ്രന്‍റ്’ എന്ന സംഘടനയുടെ സഹായത്തോടെയാണ് ഹൈക്കോടതിയില് കേസ് നല്‍കിയത്. ലെജിത്ത് ടി കോട്ടയ്ക്കല്‍, സൂര്യ ബിനോയ്, സ്നേഹ വിജയന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹരജിക്കാരിക്കായി കോടതില്‍ വാദിച്ചത്.
രണ്ടാം വര്‍ഷ ബിരുദ്ദ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ജൂലൈ മാസത്തോടെയാണ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നത്. എന്നാല്‍ വിധി അനുകൂലമായ സാഹചര്യത്തില്‍ പരീക്ഷാ ചൂടിലും ആഹ്ലാദത്തിലാണ് ഇപ്പോള്‍ ഫഹീമ. ഒക്ടോബര്‍ ആദ്യ വാരത്തോടെ പരീക്ഷ കഴിയുമെന്നും ഉടനെ ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കുമെന്നും ‘ചന്ദ്രിക’യോട് പ്രതികരിച്ചു. കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്തായതോടെ വടകരയിലെ വീട്ടില്‍ നിന്നുമാണ് ദിവസവും 2 മണിക്കൂറില്‍ കൂടുതല്‍ സഞ്ചരിച്ചാണ് ഫഹീമ കോളേജില്‍ എത്തുന്നത്. ഒരു ദിവസം 5 മണിക്കൂറാണ് യാത്രയിലൂടെ നഷ്ടമാകുന്നതെന്നും, ഫഹീമ വ്യക്തമാക്കി.
കുട്ടികളുടെ മൊബൈല്‍ ദുരുപയോഗത്തെ ഭയന്നാണ് ഇത്തരത്തിലൊരു നിയമം എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, നിരോധനമോ നിയന്ത്രണമോ അല്ല, പകരം ഉത്തരവാദിത്തോടെ ഉപയോഗിക്കാനുള്ള പരിശീലനമാണ് വേണ്ടത്. കാലം മുന്നോട്ട് പോവുകയാണ്. പുതിയ തലമുറയെ പിറകോട്ടല്ല, മുന്നോട്ടാണ് നടത്തേണ്ടത്. ഫഹീമയുടെ അച്ഛന്‍ ഹക്സര്‍ പറയുന്നു