കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊയ്തീന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം. ഇതേ സമയത്ത് പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
എ.സി.മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയില്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിപ്പിക്കുമെന്നാണ് വിവരം. ഇതിനായി ഉടന്‍ നോട്ടിസ് നല്‍കും. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥര്‍, ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നല്‍കി വിളിപ്പിക്കാനുള്ള നീക്കം.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമാണ്, ഇന്നലെ രാവിലെ മുതല്‍ ഇന്നു പുലര്‍ച്ചെ വരെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഏതാണ്ട് 22 മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷം ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് 12 അംഗ ഇഡി സംഘം മടങ്ങിയത്.
നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്. ആദ്യമായാണു കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേര്‍ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണു റെയ്ഡിനു വഴിയൊരുങ്ങിയത്.