തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ 8 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തും. സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു.
തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങള്‍ കൂടുതല്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.