അഷ്‌റഫ് തൈവളപ്പ്
കൊച്ചി:വേനല്‍ചൂട് നേരത്തെ എത്തിയതോടെ പതിവ് തെറ്റിച്ച് എയര്‍ കണ്ടീഷന്‍ വിപണിയും സജീവമായി തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തുടക്കത്തിലുണ്ടായ വില്‍പനയേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത രണ്ടു മാസത്തിനകം റെക്കോഡ് വില്‍പനയാണ് വിപണി പ്രതീക്ഷിക്കുന്നത്. രാത്രിയില്‍ ഭേദപ്പെട്ട തണുപ്പുണ്ടായിട്ട് പോലും ഇപ്പോള്‍ തന്നെ ശരാശരി രണ്ടു മുതല്‍ അഞ്ചു വരെ എ.സി യൂണിറ്റുകള്‍ ഗൃഹോപകരണ കേന്ദ്രങ്ങളില്‍ വില്‍ക്കുന്നുണ്ട്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇത് ആറിരട്ടിയിലേറെയായി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം വന്‍ ഡിമാന്‍ഡുണ്ടായതിനെ തുടര്‍ന്ന് പ്രമുഖ ഷോപ്പുകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നിരുന്നു. റെക്കോഡ് വില്‍പനക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സാധാരണ കടകളില്‍ പോലും ഈ സമയത്ത് ദിവസവും ശരാശരി പത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ യൂണിറ്റുകള്‍ ഇതിനകം തന്നെ ഷോപ്പുകളിലെല്ലാം എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കച്ചവടത്തെ ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ മാന്ദ്യമുണ്ടായെങ്കിലും ഫെബ്രുവരി തുടക്കത്തില്‍ ഇത് മാറിതുടങ്ങിയിട്ടുണ്ടെന്ന് പിട്ടാപിള്ളില്‍ ഏജന്‍സിയുടെ സീനിയര്‍ മാനേജര്‍ ഷാജി ആലൂക്ക പറയുന്നു. പല വീടുകളിലും ടി.വി പോലെ ആവശ്യകത വസ്തുവായി എയര്‍കണ്ടീഷന്‍ മാറിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലക്കിഴിവ് അടക്കമുള്ള ഓഫറുകളും കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഫ്രീ ഇന്‍സ്റ്റലേഷന്‍, അധിക വാറണ്ടി തുടങ്ങിയവാണ് പ്രധാന ഓഫറുകള്‍.
പ്രമുഖ ഷോപ്പുകളിലെല്ലാം ആദ്യം നിസ്സാര തുക മുടക്കിയതിന് ശേഷം ബാക്കി തുക ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള വായ്പാ സൗകര്യം ഒരുക്കുന്നതാണ് സാധാരണക്കാരെയും എ.സി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണയും വിലയില്‍ വലിയ മാറ്റമില്ലാത്തതും ഉപഭോക്താക്കള്‍ക്ക് തുണയാകും. ഇരുപതിനായിരം രൂപ മുതല്‍ 45,000 രൂപ വരെയുള്ള എ.സിയാണ് വിപണിയിലുള്ളത്. പ്രമുഖ കമ്പനികളെല്ലാം വിവിധ സവിശേഷതകള്‍ അടങ്ങിയ എ.സികള്‍ വിപണിയിലെത്തിക്കാനുള്ള മത്സരത്തിലാണ്. ഫൈവ് സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എ.സിയാണ് ഇത്തവണയും വിപണിയിലെ താരം.
സാധാരണ എ.സികളേക്കാള്‍ 50 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി നിശ്ചയിച്ചിട്ടുള്ള സ്റ്റാര്‍ റേറ്റിങ് ഉള്ള എ.സികള്‍ക്കാണ് ഡിമാന്‍ഡ് ഏറെയും. ഓരോ റാങ്കും കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും കുറയുമെന്നതാണ് ഇതിന്റെ സവിശേഷത. ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ എ.സികളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്. അതേസമയം, എയര്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നവരിലുണ്ടായ വര്‍ധനവ് ചൂടു കൂടുന്നതിനും കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം ക്രമാതീതമായി വര്‍ധിക്കുമെന്നും ഫെബ്രുവരിയില്‍ വേനല്‍ മഴ ഉണ്ടാകില്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.