മുംബൈ: തീവണ്ടിയിലെ എ.സി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പ്രയാസം നേരിട്ട യാത്രക്കാരന് റെയില്‍വേ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍. മുംബൈ സ്വദേശിയുടെ പരാതിയിലാണ് വിധി. യാത്രയില്‍ നേരിട്ട മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി 35,000 രൂപയും കോടതി ചെലവിനായി 15,000 രൂപയും നല്‍കാനാണ് വിധിച്ചത്.
2017 ജൂണിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ശിവശങ്കര്‍ രാമശ്രിംഗര്‍ ശുക്ല അലഹബാദില്‍ നിന്ന് മുംബൈയിലേക്ക് വരാനായി തുരന്തോ എക്‌സ്പ്രസില്‍ ഫസ്റ്റ് ക്ലാസ് എ.സി കമ്പാര്‍ട്‌മെന്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ കമ്പാര്‍ട്‌മെന്റില്‍ എ.സി പ്രവര്‍ത്തിച്ചില്ല. ആ സമയത്ത് 40 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നത്രെ ചൂട്. 20 മണിക്കൂറോളം ചൂട് സഹിച്ച് യാത്ര ചെയ്യേണ്ടിവന്നു. എ.സി കമ്പാര്‍ട്‌മെന്റായതിനാല്‍ എയര്‍ വെന്റിലേഷന്‍ പോലും ഉണ്ടായിരുന്നില്ല.