ന്യൂഡല്‍ഹി: വാഹനങ്ങളിലെ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും നീക്കി വി.വി.ഐ.പി പരിഷ്‌കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തില്‍.
കശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു വേണ്ടി നടത്തിയ ഒരുക്കങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയത്. ബി.എസ്.എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്ന പ്രേം സാഗറിന്റെ തിംകബര്‍ വില്ലേജിലുള്ള വസതിയില്‍ വെള്ളിയാഴ്ചയാണ് ആദിത്യനാഥ് സന്ദര്‍ശനം നടത്തിയത്.
സര്‍ക്കാറിന്റെ ധനസഹായം കൈമാറാനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് ദിയോറ ജില്ലാ ഭരണകൂടം സൈനികന്റെ വസതിയില്‍ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഡ്രോയിങ് റൂമില്‍ എ.സി ഫിറ്റ് ചെയ്തു. വില കൂടിയ സോഫയും എത്തിച്ചു. മേശയും മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള കേസരയും കവര്‍ ചെയ്ത് കാവി നിറത്തിലുള്ള തുണി വിരിച്ചു.
വീട്ടിലെത്തിയ മുഖ്യമന്ത്രി അര മണിക്കൂര്‍ സമയം ഇവിടെ ചെലവഴിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ധനസഹായമായി ചെക്ക് കൈമാറി. മാധ്യമങ്ങള്‍ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി വസതി വിട്ടതിനു പിന്നാലെ ജില്ലാ ഭരണകൂടം ഒരുക്കിയ രാജകീയ സൗകര്യങ്ങളെല്ലാം അപ്രത്യക്ഷമായി. എ.സിയും സോഫയും മറ്റ് സൗകര്യങ്ങളും ഒരുക്കിയവര്‍ തന്നെ എടുത്തുകൊണ്ടുപോയി.
മുഖ്യമന്ത്രിയുടെ അര മണിക്കൂര്‍ സന്ദര്‍ശനത്തിന് എന്തിനാണ് ഇത്ര വലിയ സൗകര്യങ്ങള്‍ ഒരുക്കിയതെന്ന ചോദ്യവുമായി വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം തന്നെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പുലിവാല് പിടിച്ചത്. എ.സിയോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. അതേസമയം എല്ലാ വി.വി.ഐ.പി സന്ദര്‍ശനങ്ങള്‍ക്കും ഇത്തരം ഒരുക്കങ്ങള്‍ നടത്താറുണ്ടെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ എ.സിയും സോഫയും എവിടെനിന്ന് കൊണ്ടുവന്നെന്നോ എവിടേക്കാണ് തിരിച്ചു കൊണ്ടുപോയതെന്നോ ഉള്ള ചോദ്യത്തിന് ജില്ലാ ഭരണകൂടത്തിനും ഉത്തരമില്ല. പൂഞ്ച് സെക്ടറില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തിലാണ് പ്രേംസാഗര്‍ വീരമൃത്യു വരിച്ചത്.