X
    Categories: MoreViews

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി തോറ്റു

അഹമ്മദാബാദ്: സംസ്ഥാന തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗുജറാത്തില്‍ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനക്ക് തിരിച്ചടി നേരിട്ടത്. സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി സ്വതന്ത്ര സംഘടനകളോട് തോറ്റു. സോഷ്യല്‍സയന്‍സ് വകുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിലീപ് കുമാര്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അരവിന്ദ് എന്നിവരാണ് ജയിച്ചത്.

യൂണിവേഴ്‌സിറ്റിയിലെ പ്രധാന സ്‌കൂളുകളായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എ.ബി.വി.പി നേതാക്കള്‍ തോറ്റത്. ലിംഗ്‌ഡോ ശുപാര്‍ശ പ്രകാരം ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി യൂണിയനുകളില്ല, പക്ഷേ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉണ്ട്. യൂണിവേഴ്‌സിറ്റിയിലെ ഓരോ സ്‌കൂളും ഒരു നോമിനേറ്റഡ് മെമ്പറെയും ഒരു തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെയും സ്റ്റുഡന്റ് കൗണ്‍സിലിലേക്ക് അയക്കും. ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ദളിത്, ഇടതുപക്ഷ സംഘടനകളായ ബാപ്‌സ, എല്‍.ഡി.എസ്.എഫ്, കോണ്‍ഗ്രസിന്റെ എന്‍.എസ്.യു.ഐ, യുണൈറ്റഡ് ഒ.ബി.സി ഫോറം എന്നിവര്‍ ബഹിഷ്‌കരിച്ചിരുന്നു. എങ്കിലും ഇവര്‍ എ.ബി.വി.പി.യ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തി കേന്ദ്രമായ വാരാണസിയിലും വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി പരാജയപ്പെട്ടിരുന്നു. വരാണസിയിലെ ഗാന്ധി കാശി വിദ്യാപീഠില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ദുബെയോടാണ് എ.ബി.വി.പി പരാജയപ്പെട്ടത്. നേരത്തെ, ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലും എ.ബി.വി.പി തോറ്റിരുന്നു.

chandrika: