X

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി

കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ആണ് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്‌തെന്നും തേജോവധം ചെയ്‌തെന്നുമാണ് പരാതി. ഐപിസി 153,504 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു.

ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാല്‍ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചിരുന്നു.

webdesk13: