മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: അസോസിയേഷനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സിജിഎം കോടതിയില്‍ പരാതി നല്‍കിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. ജയന്‍ ചേര്‍ത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നിരാകരിച്ചതോടെയാണ് സംഘടന കോടതിയെ സമീപിച്ചത്.

തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലുള്‍പ്പെടെ ജയന്‍ ചേര്‍ത്തല ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വിദേശത്തു നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ജയന്‍ ചേര്‍ത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇത്തരത്തില്‍ നടത്തിയ വിമര്‍ശനങ്ങളിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചത്. അത് നിരാകരിച്ചതോടെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. സംഘടനയ്ക്കുണ്ടാക്കിയ മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയില്‍ പറയുന്നത്. സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തി, ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു, മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു, അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും ബിഎന്‍സ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

webdesk18:
whatsapp
line