ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കാം എന്നതാണ് ബദല്‍ നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് നടപടികളില്‍ വലിയൊരു മാറ്റത്തിനുള്ള നിര്‍ദ്ദേശമാണിത്. നിലവില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ട്. കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ക്ക് ഇതിനുള്ള സൗകര്യം നല്‍കി. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. നിലവില്‍ പോസ്റ്റല്‍ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു ചെയ്ത് തിരികെ നല്‍കാനുള്ള സൗകര്യമുണ്ട്. വോട്ടെണ്ണല്‍ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാല്‍ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി.
ഡ്യൂട്ടി കഴിഞ്ഞാല്‍ പോലും ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ ബാലറ്റ് കൈയ്യില്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കും. ബാലറ്റ് കാട്ടി വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കമ്മീഷന് കിട്ടിയിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പകുതിയിലധികം പോസ്റ്റല്‍ വോട്ടുകളും വോട്ടെണ്ണല്‍ നടക്കുന്നതിന് തൊട്ടു മുമ്പാണ് തിരികെ എത്തുന്നത്.ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ എത്തി വോട്ടു ചെയ്യാനുള്ള പകരം സംവിധാനം ഒരുക്കാം എന്നാണ് നിര്‍ദ്ദേശം. ശുപാര്‍ശ നടപ്പാകാന്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.