മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.
കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.
മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.
ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.