X

അബുദാബിയില്‍ ചെക്ക് ഇന്‍ സൗകര്യം ഇനി വീട്ടിലും; പെട്ടികളുമായി പോകേണ്ടതില്ല

അബുദാബി: നാട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ ഇനി പെട്ടിയുമായി വിമാനത്താവളത്തി്ല്‍ പോകാന്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളുടെ പെട്ടികളും കെട്ടുകളും വീടുകളില്‍ വന്നു സ്വീകരിക്കുകയും ബോഡിംഗ് പാസ്സ് നല്‍കുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു.

തിരക്കേറിയ അവധിക്കാലത്ത് മണിക്കൂറുകള്‍ക്കുമുമ്പ് വിമാനത്താവളത്തിലെത്തി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ടതില്ല. പകരം വീടുകളില്‍നിന്നു തന്നെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജും വാങ്ങി ബോര്‍ഡിങ് പാസ്സ് നല്‍കുന്ന ഹോം ചെക്ക് ഇന്‍ സൗകര്യമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

മൊറാഫിക്ക് ഏവിയേഷനാണ് പുതിയ സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.
യാത്രക്കാരുടെ സൗകര്യമനുസരിച്ചു യാത്രയുടെ 5 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ സേവനം ലഭ്യമായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അവസരം ലഭ്യമാണ്.ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന മൊറാഫിക് എന്ന ആപ്ലികേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

മൊറാഫിക്ക് ഏവിയേഷന്റെയും എത്തിഹാദ് ഗ്രൗണ്ട് സര്‍വീസിന്റെയും ജീവനക്കാരാണ് വീടുകളിലെത്തി ചെക്ക് ഇന്‍ സേവനം നല്‍കുക. ബാഗ്ഗേജുകള്‍ സുരക്ഷിതമായി അബുദാബി വിമാനത്താവളത്തില്‍ എത്തിക്കും. ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക.

രണ്ടു ബാഗുകള്‍വരെ ചെക്ക് ഇന്‍ ചെയ്യുന്നതിന് 185 ദിര്‍ഹവും 3 മുതല്‍ 4വരെ ബാഗുകള്‍ക്ക് 220 ദിര്‍ഹവും 5 മുതല്‍ 6 വരെ 280 ദിര്‍ഹവും ഈടാക്കും. 7 മുതല്‍ 8 വരെ ബാഗുകള്‍ക്ക് 340 ദിര്‍ഹമാണ്. ഇത്തിഹാദ് യാത്രക്കാര്‍ക്കാണ് തുടക്കത്തില്‍ സേവനം നല്‍കുക. മറ്റു വിമാനക്കമ്പനികള്‍ക്കുള്ള സേവനം താമസിയാതെ ആരംഭിക്കും.

വേനല്‍ അവധിക്കാല തിരക്ക് പരിഗണിച്ച് ഹോം ചെക്ക്-ഇന്‍, സിറ്റി ചെക്ക്- ഇന്‍ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ പറഞ്ഞു.
അബുദാബി മിനാ തുറമുഖത്തുള്ള സിറ്റി ചെക്ക്-ഇന്‍ സേവനം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചതായി മൊറാഫിക്ക് അധികൃതര്‍ അറിയിച്ചു.
സിറ്റി ചെക്ക് ഇന്‍ സേവനം ഉപയോഗിക്കുന്ന എത്തിഹാദ് ഗസ്റ്റ് കാര്‍ഡുള്ളവര്‍ക്ക് 2500 മൈല്‍സ് നല്‍കുമെന്ന് എത്തിഹാദ് എയര്‍വേസ് അറിയിച്ചിട്ടുണ്ട്.

എത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്റ്റ് എയര്‍ എന്നീ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് സിറ്റി ചെക്ക്-ഇന്‍ സേവനം ഇപ്പോള്‍ ലഭ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 667 2347 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

webdesk15: