അബുദാബി: 35 ഭാഷകളിലായി അഞ്ചു ലക്ഷം പുസ്തകങ്ങള്‍ എത്തുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 25 മുതല്‍. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) മെയ് ഒന്നു വരെയായിരിക്കും മേളയെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണിത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്.
63 രാജ്യങ്ങളില്‍ നിന്നായി 1,350 പ്രസാധകര്‍ അബുദാബിയില്‍ എത്തുന്നതോടെ അഡ്‌നെക്കിലെ 35,000 ചതുരശ്ര മീറ്റര്‍ വിസ്താരത്തില്‍ അക്ഷരങ്ങളുടെ മേളക്ക് തുടക്കമാകും. സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങി 830 സാംസ്‌കാരിക പരിപാടികളും വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും അരങ്ങേറും.
പോളണ്ടാണ് ഇത്തവണ വിശിഷ്ട രാജ്യം. പോളിഷ് സാഹിത്യത്തിന്റെ 1000 വര്‍ഷത്തെ ചരിത്രം മേളയില്‍ ലഭ്യമായിരിക്കും. പോളിഷ് എഴുത്തുകാരുമായി സംവദിക്കാനും പോളണ്ടിന്റെ സമ്പന്ന സംസ്‌കാരവും പൈതൃകവും മനസിലാക്കാനും സഹൃദയര്‍ക്ക് അവസരവും ലഭിക്കും.
ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ മൂന്നു ഭാഷകളില്‍ നിന്നായി മൊഴിമാറ്റം നടത്തപ്പെട്ട 25 പുതിയ പുസ്തകങ്ങള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിരിക്കും. ഇലക്ട്രോണിക് ക്രെഡിറ്റ് കാര്‍ഡാണ് മറ്റൊരു പ്രത്യേകത. സന്ദര്‍ശകര്‍ക്കെല്ലാം ഇത് ലഭിക്കും. പണം കൊണ്ടു നടക്കുന്നതിനു പകരം കാര്‍ഡ് കൈയില്‍ വെക്കാനും അവ ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാനും സാധിക്കും.
- 7 years ago
chandrika
Categories:
Video Stories