ദുബായ്: വെടിക്കെട്ട് ബാറ്റിങ്ങും മിന്നുന്ന ബൗളിംഗ് പ്രകടനങ്ങള്‍ കൊണ്ടും അബുദാബി ടി20 ലീഗ് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ലീഗ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
അബിദാബി-നോര്‍ത്തേണ്‍ വാരിയേഴ്സ് പോരിന് ഇടയില്‍ ക്രിക്കറ്റ് ലോകം അതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവമാണ് ഗ്രൗണ്ടിലുണ്ടായത്. വാരിയേഴ്സ് ബാറ്റ്സ്മാന്‍ മുഹമ്മദ് ബൗണ്ടറി നേടിയപ്പോള്‍ അബുദാബിക്ക് വേണ്ടി കളിക്കുന്ന യുഎഇ താരം റോഹന്‍ മുസ്തഫയാണ് അവിടെ ഫീല്‍ഡ് ചെയ്തിരുന്നത്.
തന്റെ ഫീല്‍ഡിങ് പൊസിഷനിലേക്ക് പന്ത് വരുന്ന സമയം ജേഴ്സി മാറ്റുകയായിരുന്നു മസ്തഫ. പന്ത് പിടിക്കാനായി മുസ്തഫ ഓടുമ്പോള്‍ ജേഴ്സി ധരിച്ച് കഴിഞ്ഞിരുന്നില്ല. പന്ത് ബൗണ്ടറി ലൈന്‍ തൊടുകയും ചെയ്തു.
വിചിത്രമായ സംഭവത്തിന് പുറമെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നതായിരുന്നു കളി. ആദ്യം ബാറ്റ് ചെയ്ത അബുദാബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി. അവസാന ഓവറില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും. പിന്നാലെ രണ്ട് വൈഡ്.
ഇതോടെ അവസാന നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍ എന്ന അവസ്ഥയായി. എന്നാല്‍ മൂന്നാമത്തെ ഡെലിവറിയില്‍ വിക്കറ്റ്. പിന്നാലെ നിക്കോളാസ് പൂരന്റെ മിസ് ഹിറ്റ് ലോങ് ഓണില്‍ ഫീല്‍ഡറുടെ കൈകളിലായി. അവസാന ഡെലിവറിയില്‍ വേണ്ടിയിരുന്ന രണ്ട് റണ്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചിട്ട് നോര്‍ത്തേണ്‍ വാരിയേഴ്സ് ഓടിയെടുത്തു.